മമത-സിബിഐ പോര്: വിശദീകരണം തേടി ഗവര്‍ണര്‍

ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നുമാണ് വിവരങ്ങള്‍ തേടിയത്.   

Last Updated : Feb 4, 2019, 09:13 AM IST
മമത-സിബിഐ പോര്: വിശദീകരണം തേടി ഗവര്‍ണര്‍

കൊല്‍ക്കത്ത: ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കും വരെ ധര്‍ണ തുടരുമെന്ന് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിബിഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് തുടങ്ങിയ സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. 

രാത്രി ഭക്ഷണം ഉപേക്ഷിച്ചിട്ടാണ് മമത ധര്‍ണ തുടങ്ങിയത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സമരപന്തലിലുണ്ട്. 

അതേസമയം, ബംഗാളില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നുമാണ് വിവരങ്ങള്‍ തേടിയത്. തുടര്‍നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ബംഗാള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കോല്‍ക്കത്ത സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളെയും ഇന്ന് ഇളക്കി മറിക്കും എന്നതില്‍ സംശയമില്ല. 

പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ മമതയുമായി ഫോണില്‍ സംസാരിച്ചു.

അതേസമയം, ബംഗാള്‍ പോലീസ് സിബിഐയുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. വിഷയം സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലാണ് വിഷയം പരാമര്‍ശിക്കുക. ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മനു അഭിഷേക് സിംഗ്‌വി ഹാജരാകും.

കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ കടന്നു കയറിയെന്ന് ആരോപിച്ചാണ് ബംഗാള്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രവി കുമാര്‍. കേസില്‍ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.

കോടതിയലക്ഷ്യമാണ് പോലീസ് നടപടിയെന്നും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുള്ളതിനാല്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും. സിബിഐ ഇടക്കാല ഡയറക്ടര്‍ നഗേശ്വര റാവുവാണ് ഇക്കാര്യം അറിയിച്ചത്.

Trending News