ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന സംഘര്‍ഷത്തില്‍ നിര്‍ണ്ണായക നിലപാടുമായി കര്‍ണാടക സര്‍ക്കാര്‍....
SDPIയെ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ (SDPI) നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
എസ്.ഡി.പി.ഐ (SDPI)യേയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചത്.
അതേസമയം, ബംഗളൂരു അക്രമം കൃത്യമായി ആസൂത്രണം ചെയ്തതാണ് എന്നാണ് പോലീസ് ഭാഷ്യം. സംഭവത്തില്‍ ഇതുവരെ 9 എഫ്‌ഐആറുകളാണ് ബംഗളൂരു പോലീസ് രജിസ്റ്റര്‍ ചെയ്തത്.
Also read: #Bangaloreriots: ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെയുള്ള സംഘർഷം ഗുരുതരമാകുന്നു..!
കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പോലീസ് സ്റ്റേഷനുകളും വീടും ആക്രമിച്ചത്. പോലീസുകാരെയും എംഎല്‍എയുടെ ബന്ധു നവീനെയും കൊല്ലാന്‍ അക്രമികള്‍ ആക്രോശിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
ബംഗളൂരുവില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തില്‍ അറുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
പുലികേശി നഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഫേസ്ബുക്കില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്.
അക്രമത്തിന് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐ (SDPI)യാണെന്നും സംഘടനയെ നിരോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കുകയാണ് ബിജെപി. അക്രമം ആസൂത്രിതമാണെന്നതില്‍ സംശയമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.