ഇന്ത്യ ചൈന തർക്കത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചയാളാണ് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. 1962ലെ യുദ്ധത്തിന് കാരണം ദലൈലാമയെ ഇന്ത്യ സ്വാഗതം ചെയ്തതായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ടിബറ്റൻ ആത്മീയ നേതാവിന് ഭാരതരത്ന നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു.
സംഘപരിവാർ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. ടിബറ്റൻ വിഷയത്തിൽ ചൈനയ്ക്ക് കൃത്യമായ സൂചന നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്. ടിബറ്റൻ വംശജരെ ഉൾപ്പെടുത്തി ആര്‍.എസ്.എസ്. രൂപം കൊടുത്ത സംഘടനയാണ് ബി.ടി.എസ്.എം.
Also Read: തീര്‍ച്ചയായും ആരോ ഒരാള്‍ കള്ളം പറയുന്നു...!! ലഡാക്ക് വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഇവരുടെ നിർദ്ദേശം നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ദലൈലാമയ്ക്ക് ഭാരതരത്ന നൽകുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകു.
മുൻ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ദലൈലാമയ്ക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 6 ന് ദലൈലാമയുടെ ജന്മദിനമാണ്.