ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിലെ അലോസരങ്ങള്‍ മറ നീക്കി പുറത്ത്.
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യം തള്ളി മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും ഒന്നിക്കുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ കൈകോര്‍ക്കുമ്പോഴാണ് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും ഈ പുതിയ നീക്കം. സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ തള്ളി ഇരുവരും ചേര്‍ന്ന് സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി രൂപീകരിച്ചത്.
ആര്‍എല്‍ഡിയുടെ അജിത് സിംഗും മായാവതിക്കും അഖിലേഷിനും ഒപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും തുല്യമായി സീറ്റുകള്‍ വീതം വയ്ക്കും. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റും നല്‍കും. മായാവതിയുടെ ജന്മദിനമായ ജനുവരി 15ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബിഎസ്പി-എസ്പി എന്നിവരുടെ സഖ്യം സംസ്ഥാനത്ത് ബിജെപിക്ക് ഭീഷണിയുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുന്‍ തിരഞ്ഞെടുപ്പുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂര്‍ ഫുൽപൂർ മണ്ഡലങ്ങളില്‍ ഈ സഖ്യം ബിജെപിയ്ക്ക് കനത്ത വേ;വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപി കനത്ത പരാജയം നേരിട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇരു പാര്‍ട്ടികളേയും തൃപ്തിപ്പെടുത്തിയില്ല എന്ന് വേണം കരുതാന്‍. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് വിജയ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയെ തള്ളി ബിഎസ്പി-എസ്പി സഖ്യം രൂപീകരിച്ചിരിക്കുന്നത്.
അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനു പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞ ചടങ്ങില്‍നിന്നു മായാവതിയും അഖിലേഷും വിട്ടുനിന്നത് ചോദ്യമുയര്‍ത്തിയിരുന്നു.
എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഉത്തര്‍ പ്രദേശ് വളരെ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ്. കാരണം ഈ സംസ്ഥാനത്തുനിന്നും ആകെ 80 അംഗങ്ങളാണ് ലോക്സഭയില്‍ എത്തുക എന്നത് തന്നെ.
'ഉത്തര്‍ പ്രദേശ് നേടിയാല്‍ കേന്ദ്രം നേടാം' എന്നാണ് ചൊല്ല്. അതിനാലാണ് എല്ലാ പാര്‍ട്ടികളും ഉത്തര്‍ പ്രദേശ് കൈപിടിയിലാക്കാന്‍ വെമ്പുന്നത്.