രാഹുല്‍ മയക്കുമരുന്നിന് അടിമ; സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കെതിരെ കേസ്!!

കൊക്കെയ്നാണ് കൂടുതലായും രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നതെന്നും പറഞ്ഞിരുന്നു.

Last Updated : Jul 8, 2019, 12:35 PM IST
 രാഹുല്‍ മയക്കുമരുന്നിന് അടിമ; സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കെതിരെ കേസ്!!

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന പ്രസ്താവനയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കെതിരെ കേസ്. 

സംഭവത്തില്‍ കോണ്‍ഗ്രസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎല്‍ പുനിയ വ്യക്തമാക്കി.

കോട്വാലി നഗര്‍ ബരബങ്കി പൊലീസ് സ്റ്റേഷനിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും പരിശോധന നടത്തിയാല്‍ പരാജയപ്പെടുമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. 

കൊക്കെയ്നാണ് കൂടുതലായും രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് പരിശോധന നടത്താനുള്ള പഞ്ചാബ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതികരിക്കവെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിവാദ പരാമര്‍ശം നടത്തിയത്. 

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്‍റെ പ്രസ്താവനയക്ക് തൊട്ടു പിന്നാലെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.

ജനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ആ തീരുമാനമെടുത്തവരെ പരിശോധിക്കണം എന്നായിരുന്നു ഹര്‍സിമ്രതിന്‍റെ പ്രസ്താവന. 

ഹര്‍സിമ്രതിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ ഉദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയെ ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

പഞ്ചാബിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സി൦ഗ് ഉത്തരവിട്ടിരുന്നു.

ഭീഷണിയുയര്‍ത്തുന്ന മയക്കുമരുന്ന് മാഫിയയെ പിടിച്ചുകെട്ടുമെന്ന കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരെയും ഗുരുതര ആരോപണങ്ങളാണ് സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചത്.

Trending News