Bengaluru: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊണ്ട് കര്‍ണാടക സര്‍ക്കാര്‍.
സംസ്ഥാന തലസ്ഥാനമായ ബെംഗളുരുവിലാണ് നിലവില്‍ കൂടുതല്‍ കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തിലെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് സിവിൽ ഏജൻസി ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് പല പരിപാടികളും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് നിയന്ത്രണ നടപടികള്‍ കൈകൊള്ളുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട് എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാന പ്രിൻസിപ്പൽ ആരോഗ്യ സെക്രട്ടറി എല്ലാ ജില്ലകളിലേയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയും സ്ഥിതിഗതികൾ അറിയുകയും സ്വീകരിയ്ക്കുന്ന നടപടികൾ അവലോകനം ചെയ്യുകയും മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ സർക്കാർ പല തീരുമാനങ്ങളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് -19 നെ കുറിച്ച് ആർക്കും അനാവശ്യമായ ആശങ്കകളൊന്നും ആവശ്യമില്ല, അത് നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയിൽ 3,714 പുതിയ കോവിഡ് കേസുകള്‍ കൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സജീവ കേസുകളുടെ എണ്ണം 26,976 ആയി ഉയർന്നു.
നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം നാലാം കോവിഡ് തരംഗത്തിലേയ്ക്ക് ഉറ്റു നോക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...