ലോകത്തെ ജനജീവിതത്തെയും ആരോഗ്യമേഖലയെയും സാമ്പത്തികമേഖലയെയും ഒരുപോലെ ബാധിച്ച ഇപ്പോഴും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കാത്ത നിലയിൽ ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് മഹാമാരി ഇന്ത്യയിൽ എത്തിയിട്ട് രണ്ട് വർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് കേരളത്തിലെ തൃശൂരിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
രണ്ട് വർഷത്തിനിടെ കോവിഡിന് നിരവധി മ്യൂട്ടേഷനുകൾ സംഭവിച്ചു. വിവിധ വകഭേദങ്ങളായി മനുഷ്യജീവന് വെല്ലുവിളിയായി. ആദ്യം വലിയ ഭീതി പരത്തിയില്ലെങ്കിലും പിന്നീട് വൈറസ് ബാധ ഗുരുതരമാണെന്ന ബോധ്യത്തിലേക്കെത്തി. മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അന്ന് രാജ്യത്ത് 519 കോവിഡ് കേസുകളും ഒമ്പത് മരണവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
നിയന്ത്രണങ്ങൾ എക്കാലവും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. പിന്നീട് കോവിഡ് വ്യാപനം അതിന്റെ ഉന്നതിയിൽ എത്തി. തുടർന്ന് കോവിഡ് കേസുകൾ കുറയാൻ ആരംഭിച്ചു. 2021 വർഷാവസത്തോടെ കോവിഡിൽ നിന്ന് ലോകം മുക്തമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കാൻ ആരംഭിച്ചു. വാക്സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ വിതരണമാണ് ഇന്ത്യ നടത്തിയത്. 165 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്. രണ്ട് ഡോസ് വാക്സിന് ശേഷം ബൂസ്റ്റർ ഡോസ് വാക്സിനും ആരംഭിച്ച് കഴിഞ്ഞു.
കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും ആശങ്ക ഒഴിയുന്നില്ല. ആദ്യഘട്ടത്തിൽ കേരളം മികച്ച പ്രതിരോധമാണ് കോവിഡിനെതിരെ തീർത്തത്. എന്നാൽ മൂന്നാം തരംഗം നേരിടുന്നതിൽ വേണ്ടത്ര വിജയിച്ചോയെന്ന ചോദ്യം പ്രസക്തമാണ്. ആദ്യ തരംഗത്തിൽ ലോക പ്രശംസ നേടിയ പ്രതിരോധമാണ് കേരളം നടത്തിയത്. എന്നാൽ ആദ്യ തരംഗങ്ങളിൽ പുലർത്തിയ ജാഗ്രതയും പ്രതിരോധ സംവിധാനങ്ങളും മൂന്നാംതരംഗത്തിൽ കൈവിട്ട കാഴ്ചയാണ് കാണുന്നത്. എങ്കിലും കേരളത്തിലെ ആരോഗ്യ മേഖല മികച്ചതാണെന്ന വസ്തുത പ്രതീക്ഷ നൽകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...