ലഖ്‌നൗ: സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഗോശാലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 70 പശുക്കള്‍ ചത്ത സംഭവത്തില്‍ രോക്ഷാകുലനായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!!
പശുക്കള്‍ ചത്ത സംഭവത്തില്‍ 8 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ്, കൃത്യവിലോപം കാട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന താക്കീതും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുകയാണ്. മിര്‍സാപൂരിലെ വെറ്റിനററി ഓഫീസറും അയോധ്യയിലെ ഉദ്യോഗസ്ഥരുമാണ് ഇതിനോടകം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അയോധ്യയിലേയും പ്രതാപ്ഗഡിലെയും ഷെല്‍ട്ടറുകളിലായി 70 പശുക്കള്‍ ചത്തതിന് പിന്നാലെയായിരുന്നു നടപടി.
കഴിഞ്ഞ ദിവസം 75 ജില്ലാ മജിസ്‌ട്രേറ്റുമാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ഗോശാലകള്‍ കൃത്യമായി പരിപാലിക്കാത്ത പക്ഷം കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ, കറവവറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുകളില്‍ കന്നുകാലികള്‍ കൂട്ടത്തോടെ തള്ളപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലഖ്‌നൗവിലെ നഗരസഭാ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അയോധ്യയിലെ ഗോശാലയിലുണ്ടായിരുന്ന പശുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ചത്തുകിടക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടുള്ള പ്രദേശത്തെ ഗോശാലയ്ക്ക് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടര്‍ന്ന് ഷോക്കേറ്റും ഏതാനും പശുക്കള്‍ ചത്തിരുന്നു.
പശുക്കളെ വില്‍ക്കുന്നതും കശാപ്പ് ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള കര്‍ശന നിയമം വന്നതോടെ, യു.പിയുടെ തെരുവുകളില്‍ പശുക്കള്‍ അലയുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. പശുക്കള്‍ കൃഷിയിടങ്ങളില്‍ കയറുകയും വിള നശിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതി കര്‍ഷകരും ഉന്നയിക്കുന്നുണ്ട്. കൂടാതെ, റോഡുകളില്‍ വാഹനാപകടങ്ങളും പതിവാണ്.