ന്യൂഡല്‍ഹി: മതത്തിന്‍റെ പേരിലുള്ള കുറ്റകൃത്യം മതത്തിനെതിരെയുള്ള കുറ്റകൃത്യം തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിന്‍റെ പേരില്‍ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മതവിഭാഗങ്ങളില്‍പ്പെടുന്നവരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പങ്കെടുത്ത ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരുരാജ്യങ്ങള്‍ക്കുമുള്ള സമ്പന്നമായ ചരിത്രത്തെക്കുറിച്ചും മോദി വാചാലനായി. ഇന്ത്യും ജോര്‍ദ്ദാനും മത ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ള രാഷ്ട്രങ്ങളാണ്. ദൈവത്തിന്‍റെ സന്ദേശം പ്രവാചകന്മാരിലൂടെ ലോകമെമ്പാടും എത്തിക്കുന്ന വിശുദ്ധ നാടാണ് ജോര്‍ദ്ദാനെന്ന് മോദി പറഞ്ഞു.
ലോകമെമ്പാടുമുള്ള മതങ്ങള്‍ക്ക് ആതിഥ്യം നല്‍കിയ രാജ്യമാണ് ഇന്ത്യ. ബുദ്ധനായാലും മഹാത്മാഗാന്ധിയാണെങ്കിലും സമാധാനവും സ്നേഹവുമാണ് ഇന്ത്യ പ്രചരിപ്പിച്ചത്. ഇന്ത്യാക്കാര്‍ ഇവിടുത്തെ വൈവിധ്യങ്ങളില്‍ അഭിമാനമുള്ളവരാണെന്നും മോദി പറഞ്ഞു.
മതങ്ങളുടെ അന്തസത്ത മനുഷ്യത്വരഹിതമാകാന്‍ കഴിയില്ല. ഭീകരവാദത്തിന് അതിലേര്‍പ്പെടുന്നവരുടെ മതവുമായി ബന്ധമില്ല. മാനുഷിക മൂല്യങ്ങളാണ് ഓരോ മതങ്ങളും പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.