ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി

ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി വേണ്ട ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടിയുടെ കരാറിന് അംഗീകാരം. 

Last Updated : Feb 13, 2018, 07:56 PM IST
ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി വേണ്ട ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടിയുടെ കരാറിന് അംഗീകാരം. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അദ്ധ്യക്ഷയായ ഉന്നതതല കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആയുധങ്ങള്‍ വാങ്ങുന്നത് ഇത്രയും കാലം മുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീര്‍ക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങള്‍ വാങ്ങാനും തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി സൈന്യത്തില്‍ ഉടന്‍ തന്നെ ആയുധങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനും ആയുധക്കരാറില്‍ കഴിയും വേഗം ഒപ്പിടാനും യോഗം തീരുമാനത്തിലെത്തിയിരുന്നു. 

പുതിയ തീരുമാനത്തോടെ അത്യാധുനികവും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലെത്തും. അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുണ്ടാകുന്ന ഭീഷണി നേരിടാന്‍ ഫലപ്രദമാണ് പുതിയ തോക്കുകള്‍. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ)അടക്കമുള്ള ആയുധ നിര്‍മാതാക്കളെ ഇത് സംബന്ധിച്ച ടെണ്ടര്‍ സമര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.

Trending News