സ്വര്‍ണവ്യാപാരി ഡിആര്‍ഐ ഓഫീസില്‍ നിന്ന് ചാടിമരിച്ചു

  സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഓഫീസില്‍ ഹാജരാകാന്‍ എത്തിയ ഡല്‍ഹി ജ്വല്ലറി ഉടമ ഗൗരവ് ഗുപ്തയാണ് മരിച്ചത്

Last Updated : Apr 26, 2018, 12:02 PM IST
സ്വര്‍ണവ്യാപാരി ഡിആര്‍ഐ ഓഫീസില്‍ നിന്ന് ചാടിമരിച്ചു

ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സ്വര്‍ണ വ്യാപാരി റവന്യൂ ഇന്റലിജന്‍സ് ഓഫീസ് കെട്ടിടത്തില്‍നിന്ന് താഴേക്കു ചാടി മരിച്ചു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഓഫീസില്‍ ഹാജരാകാന്‍ എത്തിയ ഡല്‍ഹി ജ്വല്ലറി ഉടമ ഗൗരവ് ഗുപ്തയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സിലാണ് സംഭവം. ഓഫീസിലെ സന്ദര്‍ശക മുറിക്കുള്ളില്‍ നിന്നും ജനാല വഴിയാണ് ഗൗരവ് ഗുപ്ത താഴേക്കു ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഷാലിമാര്‍ ബാഗ് മേഖലയില്‍  നടത്തിയ പരിശോധനയിലാണ് വിദേശത്തുനിന്ന് കടത്തിയ ആറ് കിലോ സ്വര്‍ണവും 213 കിലോ വെള്ളിയും ഗൗരവ് ഗുപ്തയുടെ വീട്ടില്‍നിന്ന് പിടികൂടിയത്. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഇയാളുടെ ജ്വല്ലറിയില്‍ നിന്ന് 35 കിലോ സ്വര്‍ണവും 48 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. 

കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് ഇയാളെ ഓഫീസില്‍ വിളിച്ചുവരുത്തിയതെന്നും ഇയാളെ ചോദ്യംചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ലെന്നും ഡിആര്‍ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍, ഗൗരവിനെ ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ നിഷാന്തും സംഘവും കൊല ചെയ്യുകയായിരുന്നെന്നും, ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഗൗരവിന്‍റെ ഭാര്യ എസ്എച്ച്ഒക്ക് കത്ത് നല്‍കി. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

Trending News