കെജ്‌രിവാളിനെ കാണാനില്ല! പരാതിയുമായി വിമത എംഎല്‍എ ഹൈക്കോടതിയില്‍

ഡല്‍ഹി സര്‍ക്കാരിന്‍റെ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാളാണ്. സംസ്ഥാനം കടുത്ത ജലപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കെജ്‌രിവാളിന്റേത് നിരുത്തരവാദപരമായ നിലപാടാണെന്നും ആരോപിക്കുന്നു.

Last Updated : Jun 11, 2018, 03:53 PM IST
കെജ്‌രിവാളിനെ കാണാനില്ല! പരാതിയുമായി വിമത എംഎല്‍എ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി എംഎല്‍എ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കി. കെജ്‌രിവാള്‍ സ്ഥിരമായി നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിനാലാണ് വ്യത്യസ്ഥമായ പരാതിയുമായി എഎപിയുടെ വിമത എംഎല്‍എ കപില്‍ മിശ്ര രംഗത്തെത്തിയത്.

2017ല്‍ ഇരുപത്തിയേഴ് തവണ സഭ ചേര്‍ന്നു. എന്നാല്‍ കെജ്‌രിവാള്‍ ആകെ ഏഴു തവണ മാത്രമാണ് സഭയില്‍ എത്തിയത്, 40 മാസം കെജ്‌രിവാള്‍ സഭയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസ് ബുധനാഴ്ച പരിഗണിക്കും.

നിയമസഭ സമ്മേളനങ്ങളില്‍ ഹാജരായി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെടാന്‍ ലഫ്.ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല എഎപി കണ്‍വീനറില്‍ നിന്ന് വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടും മിശ്ര തേടിയിട്ടുണ്ട്. 

ഡല്‍ഹി സര്‍ക്കാരിന്‍റെ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാളാണ്. സംസ്ഥാനം കടുത്ത ജലപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കെജ്‌രിവാളിന്റേത് നിരുത്തരവാദപരമായ നിലപാടാണെന്നും ആരോപിക്കുന്നു.

ഡല്‍ഹിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും സംസ്ഥാനം എന്ന നിലയിലുള്ള വികസനത്തിന്റേയും കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കടമകളുടെ നിര്‍വഹണത്തേയും കെജ്‌രിവാള്‍ എങ്ങനെയാണ് സമീപിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മിശ്ര ആരോപിക്കുന്നു.

കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ എഎപി സര്‍ക്കാരിന്‍റെ വക്താവ് തയാറായിട്ടില്ല. 

Trending News