ന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരമായ നിലയിൽ തുടരുന്നു. നിലവിൽ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 450 ആണ്. എക്യുഐ 400ന് മുകളിലാകുന്നത് ആരോഗ്യമുള്ള ആളുകളെ പോലും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ്. ഡൽഹിയിലെ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിൽ ഡൽഹി-എൻസിആറിലെയും ഗൗതം ബുദ്ധ നഗറിലെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് നിർദേശം.
നവംബർ എട്ട് വരെ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നോയിഡയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 562 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെ കുറിച്ചും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനെ കുറിച്ചും ഡൽഹി സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, സ്‌കൂളുകൾ അടയ്ക്കണമെന്ന് മാതാപിതാക്കളും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരിക്കുകയാണ്.
"കുട്ടികൾ നിങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് അറിയാം, എന്നിരുന്നാലും എല്ലാ സ്കൂളുകളും ഉടൻ അടച്ചുപൂട്ടാൻ ഡൽഹി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," പരിസ്ഥിതി പ്രവർത്തകനായ വിംലേന്ദു ഝാ ട്വിറ്ററിൽ കുറിച്ചു. "500+ എക്യുഐ ശ്വസിക്കുന്നത് അസാധാരണമാണ്, മൂന്ന് കുട്ടികളിൽ ഒരാൾക്ക് വീതം ഇതിനകം ശ്വാസകോശ സംബന്ധമായ വെല്ലുവിളികൾ ഉണ്ട്." മലിനീകരണം നേരിടാൻ പഞ്ചാബിലെയും ഡൽഹിയിലെയും സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ പറഞ്ഞു.
ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, നഗരത്തിന്റെ ചില ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 800 കവിഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അസാധാരണമായി ഉയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്തേക്ക് അവശ്യസാധനങ്ങളുമായി വരുന്ന ഡീസൽ ട്രക്കുകളുടെ പ്രവേശനം നിരോധിച്ചു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി എല്ലാ ശൈത്യകാലത്തും ഡൽഹി മാറുകയാണ്. തണുപ്പ്, നിർമാണ പ്രവർത്തനങ്ങളുടെ പൊടികൾ, വാഹനങ്ങളുടെ പുറന്തള്ളൽ, അടുത്ത വിളവെടുപ്പിനായി വയലുകൾ വൃത്തിയാക്കാൻ അയൽ സംസ്ഥാനങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള പുക എന്നിവയാണ് ഇതിന് കാരണം.
ALSO READ: Delhi's air quality: പടക്ക നിരോധനം ലംഘിക്കപ്പെട്ടു; ഡൽഹിയിലും നോയിഡയിലും വായു ഗുണനിലവാരം വളരെ മോശം
താഴ്ന്ന താപനിലയും കാറ്റ് കുറവുള്ളതും കാറ്റിന്റെ ദിശ മാറുന്നതും കാലാകാലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നു. വായു മലിനീകരണം തടയുന്നതിനായി ഡൽഹിയിൽ ഈ ആഴ്ച നിർമാണ പ്രവൃത്തികളും, കെട്ടിടം പൊളിക്കുന്ന ജോലികളും, കാർ, മോട്ടോർ സൈക്കിൾ യാത്രകളും കുറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സാധ്യമാകുമ്പോൾ വർക്ക് ഫ്രം ഹോം സ്വീകരിക്കാനും, വീട്ടിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം കുറയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...