മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 23ന് പുലര്‍ച്ചെ നടന്ന നടകീയമായ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ "രഹസ്യം" പുറത്താക്കി ബിജെപി നേതാവ്!!
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന 40,000 കോടി കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്‍കുന്നതിനുവേണ്ടിയാണ് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരികണ നാടകം കളിച്ചത് എന്നാണ് കര്‍ണാടകയില്‍നിന്നുള്ള ബിജെപി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരിക്കുന്നത്.
ഫഡ്‌നവിസ് ഒറ്റ രാത്രികൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ച് എല്ലാവരേയും ഞെട്ടിച്ചത് ചില ഉദ്ദേശം മനസില്‍ കണ്ടായിരുന്നു. 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നു അന്ന് രാത്രി നടന്നത്. മഹാരഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാര്‍ വരുമെന്ന് ബിജെപിക്ക് വ്യക്തമായിരുന്നു. അങ്ങനെ ആ മഹാ സഖ്യം വന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. ഈ നീക്കം തടയാനായിരുന്നു ഫഡ്‌നവിസിന്‍റെ നാടകം എന്നാണ് അനന്ദ് കുമാറിന്‍റെ വെളിപ്പെടുത്തല്‍.
വെറും 80 മണിക്കൂര്‍ മാത്രമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസ് അധികാരത്തില്‍ ഇരുന്നത്. ഭൂരിപക്ഷം ഇല്ല എന്നറിഞ്ഞിട്ടും ഈ രാഷ്ട്രീയനാടകം എന്തിന് എന്നാ ചോദ്യം ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ അനന്ദ് കുമാര്‍ നല്‍കിയിരിക്കുന്നത്. അധികാരത്തിലേറി 15 മണിക്കൂറിനിടെ 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അദ്ദേഹം തിരിച്ചയച്ചു എന്നാണ് അനന്ദ് കുമാര്‍ പറഞ്ഞത്.
മാത്രമല്ല, കേന്ദ സര്‍ക്കാരിന്‍റെ മുഴുവന്‍ തുകയും ഫഡ്‌നവിസിന് തിരികെ നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പദത്തിലിരുന്ന് 15 മണിക്കൂര്‍ സമയമെടുത്താണ് ഈ ജോലി ഫഡ്‌നവിസ് പൂര്‍ത്തിയാക്കിയാതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയില്‍ പുതിയ ത്രികക്ഷി സഖ്യം വന്നതോടെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍, വെറും 80 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായി ഇരുന്ന് പിന്നീട് സ്വയം രാജിവെച്ച ഫഡ്‌നവിസ് ഒരു വിജയിയേപ്പോലെയാണ് കസേര വിട്ടത്. ഇത് മറാത്ത ജനതയ്ക്ക് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഫഡ്‌നവിസ് ആത്മവിശ്വാസത്തോടെ പടിയിറങ്ങിയത് എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഒരു സിനിമയെ പോലും വെല്ലുന്ന തരത്തിലായിരുന്നു മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. മറുകണ്ടം ചാടലും, ഒറ്റ രാത്രി കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കലും, മണിക്കൂറുകള്‍ മാത്രം മുഖ്യന്‍റെ കസേരയില്‍ ഇരുന്ന് ഫഡ്‌നവിസ് രാജി വെക്കലും എല്ലാം ത്വരിതഗതിയില്‍ നടന്നിരുന്നു.
കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയുമായി ചേരുകയും, ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തത്.
ബിജെപിയുടെ നാടകം മാത്രമായിരുന്നു ഫഡ്‌നവിസിന്‍റെ അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണം എന്നാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. കൂടാതെ, ഈ നാടകത്തിന് രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ കൂട്ടുനിന്നു എന്നത് ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്തായാലും, അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.