ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പിണറായി വിജയന്‍ മദനിക്കൊപ്പം വേദി പങ്കിടുകയും മദനി തീവ്രവാദിയല്ലെന്ന് പറയുകയും ചെയ്തിട്ടില്ലെയെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 38 പേരുടെ മരണത്തിന് ഉത്തരവാദിയായ ഒരാള്‍ക്കൊപ്പം എങ്ങനെയാണ് പിണറായിക്ക് വേദി പങ്കിടാന്‍ കഴിയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആക്ഷേപം ഉന്നയിച്ചു.
ഹാദിയ കേസിലെ സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടിനെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത് ശരിയായ നിലപാടല്ലെന്ന് മന്ത്രി നിരീക്ഷിച്ചു. എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ സ്വന്തം ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും പറയുന്നത് ശരിയാണോ? കേരള സര്‍ക്കാര്‍ സ്വന്തം ജോലി നിര്‍വഹിക്കുന്നുണ്ടോ? രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
കേരളത്തിനെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവന യുദ്ധങ്ങളില്‍ ഏറ്റവും പുതിയതാണ് രവിശങ്കര്‍ പ്രാസദിന്‍റേത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നും ഹാദിയ കേസ് അതിന് ഉദാഹരണമാണെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആരോപണം.
Didn't P Vijayan share dias with Madani & said he isn't terrorist? How can CM share dias with man responsible for killing 38 ppl?: RS Prasad pic.twitter.com/d7tGq9w1tJ
— ANI (@ANI) October 10, 2017