ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ പിടിച്ചുലച്ച ദളിത് പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ബാബ സാഹിബ് അംബേദ്ക്കറിന്‍റെ ആശയങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്ക്കറെ രാഷ്ട്രീയത്തിലക്ക് വലിച്ചിഴയ്ക്കരുതെന്ന് മോദി അഭ്യര്‍ത്ഥിച്ചു.
വെസ്റ്റേണ്‍ കോര്‍ട്ട് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അംബേദ്ക്കറെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. തന്‍റെ സര്‍ക്കാരിനെപ്പോലെ മറ്റൊരു സര്‍ക്കാരും അംബേദ്ക്കറെ ആദരിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കാതെ അദ്ദേഹം കാണിച്ചു തന്ന പാതയിലൂടെ നടക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
There are two places in Delhi, which are associated with Dr. Babasaheb Ambedkar, on whom the Vajpayee Government had made crucial decisions. It was our Government that got the opportunity to work on them and pay tributes to Dr. Ambedkar: PM @narendramodi
— PMO India (@PMOIndia) April 4, 2018
ഐക്യവും ഒത്തൊരുമയുമാണ് അംബേദ്ക്കര്‍ ആശയങ്ങളുടെ സത്ത. അംബേദ്ക്കര്‍ കാണിച്ചു തന്ന പാതയിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ദരിദ്രരില്‍ ദരിദ്രര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത് രൂപമെടുത്ത അംബേദ്ക്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ എന്ന ആശയം യാതാര്‍ത്ഥ്യമാക്കിയത് നിലവിലെ സര്‍ക്കാരാണെന്നും മോദി ചൂണ്ടിക്കാട്ടി.
പട്ടികജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കുന്ന സുപ്രീംകോടതിയുടെ മാര്‍ച്ച് 20ലെ ഇടക്കാല ഉത്തരവിനെതിരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഉത്തരേന്ത്യയുടെ സാധാരണ ജീവിതം സ്തംഭിപ്പിച്ചിരുന്നു. ബന്ദിനിടെയുണ്ടായ അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഏപ്രില്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.