New Delhi: തന്‍റെ ജയില്‍ മോചനത്തിന് മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച പ്രിയങ്ക ഗാന്ധി (Priyanka Gandhi)യ്ക്ക് നന്ദി അറിയിച്ച് ഡോ. കഫീല്‍ ഖാനും കുടുംബവും...
തടങ്കലിൽ കഴിയുമ്പോഴും ശേഷവും നൽകിയ സഹായത്തിനും പിന്തുണയ്ക്കും പ്രിയങ്ക ഗാന്ധിയോട് നന്ദി അറിയിക്കുന്നതിനായിരുന്നു കഫീൽ ഖാന്‍റെ (Dr. Kafeel Khan) സന്ദർശനം...
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇനിയും വേട്ടയാടിയേക്കാമെന്ന ഭയത്തില്‍ ഡോ. കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു. പ്രിയങ്ക തന്നെയാണ് ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായൊരു താമസ സ്ഥലം ഒരുക്കിയതും.
ദേശസുരക്ഷ നിയമമനുസരിച്ച് ഉത്തര്‍ പ്രദേശ് പോലീസ് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാനെതിരായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.
എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു കഫീൽ ഖാന്‍റെ മോചനം. കഴിഞ്ഞ ഡിസംബറിൽ CAA വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു. പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.
Also read: "കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതന്‍..." കഫീല്‍ ഖാന്‍ രാജസ്ഥാനില്‍..!!
ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ നൂറോളം കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ അദ്ദേഹം സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളിയുമായി. തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്ത് ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.