ഡോക്ടര്‍ കഫീല്‍ ഖാന്‍റെ സഹോദരന്‍ കാശിഫ് ജമാലിന് വെടിയേറ്റു

  

Last Updated : Jun 11, 2018, 08:43 AM IST
ഡോക്ടര്‍ കഫീല്‍ ഖാന്‍റെ സഹോദരന്‍ കാശിഫ് ജമാലിന് വെടിയേറ്റു

ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 63 കുട്ടികളുടെ മരണത്തിനിടയാക്കിയ കേസില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി ജയിലിലടച്ചിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍റെ സഹോദരന്‍ കാശിഫ് ജമാലിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാഷിഫിനെ ഗുരുതര പരിക്കുകളോടെ ഗൊരഖ്പൂര്‍ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖാഷിഫ്. ബൈക്കിലെത്തിയ സംഘം ഓവര്‍ ബ്രിഡ്ജിന് മുകളില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വലതുകൈയ്ക്കും, കഴുത്തിലും മുഖത്തിലും വെടിയേറ്റ് പരിക്കുകളുണ്ട്.

ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു നല്‍കി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, കുട്ടികളുടെ മരണത്തിന് ഉത്തരവാദി കഫീലാണെന്ന് കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

തന്‍റെ ജീവന്‍ അപായപ്പെടുത്താന്‍ യോഗി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടെന്ന് ഡോ.കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് സഹോദരന് നേരെയുള്ള വധശ്രമം.

Trending News