സുഖവാസം കഴിഞ്ഞു ... ഇനി ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക്.... വിജയ്‌ മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും!!

  ബാങ്ക് വായ്പാ തട്ടിപ്പ് പ്രതിയായ വിജയ് മല്യയുടെ സുഖവാസകാലം അവസാനിച്ചു.  ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടികള്‍  പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. വിജയ്‌  മല്യയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും.

Last Updated : Jun 4, 2020, 07:04 AM IST
സുഖവാസം കഴിഞ്ഞു ... ഇനി ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക്.... വിജയ്‌  മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും!!

മുംബൈ:  ബാങ്ക് വായ്പാ തട്ടിപ്പ് പ്രതിയായ വിജയ് മല്യയുടെ സുഖവാസകാലം അവസാനിച്ചു.  ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടികള്‍  പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. വിജയ്‌  മല്യയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും.

ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച്  കോടികള്‍ കൈക്കലാക്കി രാജ്യം വിട്ട് ബ്രിട്ടനില്‍ എത്തിയ  വിജയ്‌  മല്യയെ  ബ്രിട്ടന്‍ കൈയൊഴിഞ്ഞു.  ഇന്ത്യയിലേക്ക് തിരികെ അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹര്‍ജിയും യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. മെയ് 14നായിരുന്നു ഹര്‍ജി പരിഗണിച്ചത്.  ബ്രിട്ടനില്‍നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 അതേസമയം, വിജയ്  മല്യയുടെ നല്ല നാളുകള്‍ക്ക് അവസാനമായതോടെ, മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ മല്യയ്ക്കായി പുതിയ വാസസ്ഥാനം ഒരുങ്ങുകയാണ്.   വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചു. 

2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാര്‍പ്പിക്കുകയെന്നും കോടതിയെ അറിയിച്ചിരുന്നു.

മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച്‌ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മല്യയ്ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്നും അതിനാല്‍ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയില്‍ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

 ബ്രിട്ടനിലെ കോടതി മെയ് 14ന് മല്യയുടെ ഹര്‍ജി തള്ളിയതിന് ശേഷം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. 28 ദിവസത്തിനുള്ളില്‍ മല്യയെ തിരിച്ച്‌ എത്തിക്കേണ്ടതുണ്ട്.

വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച്‌ ഇക്കാര്യം മല്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിവിധ ബേങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ 2016ല്‍ വിദേശത്തേക്ക് കടന്നത്. 17 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ച്‌ അടക്കാതെയാണ് മല്യ രാജ്യം വിട്ടത്.

Trending News