ഫാനി അതിതീവ്ര അവസ്ഥയില്‍; 200 കിലോമീറ്റര്‍ വരെ ജാഗ്രത

ഒഡീഷയുടെ തീരമേഖല, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Last Updated : May 1, 2019, 11:37 AM IST
ഫാനി അതിതീവ്ര അവസ്ഥയില്‍; 200 കിലോമീറ്റര്‍ വരെ ജാഗ്രത

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് അതിതീവ്ര അവസ്ഥയില്‍ എത്തിയെന്ന്‍ നാവികസേനയുടെ മുന്നറിയിപ്പ്.  വരും മണിക്കൂറില്‍ 200 കിലോമീറ്റര്‍ ഫാനി ചുഴലിക്കാറ്റ് വേഗതയാര്‍ജ്ജിക്കുമെന്നാണ് മുന്നറിയിപ്പ്.

കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫാനി വടക്കുകിഴക്കന്‍ ദിശയിലേക്കു തിരിയുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്കു കൂടുതല്‍ ശക്തിയായി ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡിഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ നിന്ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്കാവും നീങ്ങുന്നത്.

ഒഡീഷയുടെ തീരമേഖല, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കനത്ത മഴ എത്തുമ്പോള്‍ ഫാനിയുടെ വേഗത മണിക്കൂറില്‍ 175-200 കിലോമീറ്റര്‍ ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ദേശീയ ദുരന്ത നിവാരണ സമിതിയോട് ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ പത്തുലക്ഷത്തോളം പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന 879 സുരക്ഷിതകേന്ദ്രങ്ങള്‍ ഒരുക്കി. കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ച് നാവികസേന രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കാറ്റ് വീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്. മാത്രമല്ല ജനങ്ങള്‍ കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശമുണ്ട്. 

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്‍റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യപിച്ചിട്ടുള്ള യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. 

Trending News