യോഗിയുടെ വസതിക്ക് മുന്‍പില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെതിരെയുള്ള എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് പൊലീസ് സുരേന്ദ്രയെ മര്‍ദ്ദിച്ചതായി യുവതി ആരോപിച്ചു

Last Updated : Apr 9, 2018, 06:18 PM IST
യോഗിയുടെ വസതിക്ക് മുന്‍പില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. തുടര്‍ന്ന് യുവതിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സുരേന്ദ്രയെ ഉനാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കാളാഴ്ച മരിക്കുകയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെതിരെയുള്ള എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് പൊലീസ് സുരേന്ദ്രയെ മര്‍ദ്ദിച്ചതായി യുവതി ആരോപിച്ചു. 

എഫ്ഐആര്‍ രജിസ്റ്റര്‍‍ ചെയ്തിട്ട് ഒരു വര്‍ഷം ആയിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവതി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. എംഎല്‍എയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചായിരുന്നു യുവതിയുടെയും കുടുംബത്തിന്‍റെയും സമരം. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ പ്രതികരിച്ചിട്ടല്ല. അതേസമയം, യോഗിയുടെ ഭരണത്തില്‍ ക്രിമിനലുകളല്ല സ്ത്രീകളാണ് ഭയപ്പെടേണ്ടി വരുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്ത് ദളിതരും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരകളാകുന്നു. എന്നാല്‍, കുറ്റവാളികള്‍ക്കെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്‍റെ എന്‍കൗണ്ടര്‍ ഭരണമാണ് നടക്കുന്നതെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. 

Trending News