കര്‍വാര്‍ (കര്‍ണാടക): ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു നാവിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
കര്‍ണാടകയിലെ കര്‍വാര്‍ ഹാര്‍ബറിലേക്കു വരുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്നു നാവികസേന അറിയിച്ചു.
ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ഡി.എസ് ചൗഹാനാണു മരിച്ചത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയായിരുന്നു മരണം. തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ചൗഹാന്‍ ബോധം കെടുകയായിരുന്നു. ഉടന്‍തന്നെ കര്‍വാറിലെ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പെട്ടെന്നു തീയണയ്ക്കാനായതിനാല്‍ കപ്പലിനു കാര്യമായ തകരാറുകള്‍ സംഭവിച്ചില്ലെന്നും നാവികസേന അറിയിച്ചു. ഒപ്പം സംഭവത്തില്‍ സേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2014 ജനുവരിയിലാണ് 2.3 ബില്യണ്‍ ഡോളര്‍ വിലവരുന്ന കപ്പല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. 284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 20 നില കെട്ടിടത്തിന്‍റെ ഉയരമാണിത്. 40,000 ടണ്‍ ഭാരമുള്ള വിക്രമാദിത്യയാണ് ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ഭാരമേറിയതും വലിപ്പമുള്ളതുമായ കപ്പല്‍.
ഫ്രാൻസിന്‍റെ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന മെയ് 1 മുതല്‍ നടത്താനിരുന്ന വരുണ നാവികാഭ്യാസത്തിലെ പങ്കാളിയായിരുന്നു ഐ.എന്‍.എസ് വിക്രമാദിത്യ. നാവികാഭ്യാസത്തില്‍ ഫ്രാൻസിന്‍റെ എഫ്എൻഎസ് ചാൾസ് ഡി ഗൗല്ലെയവും പങ്കെടുക്കുക.