മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ കൂട്ടരാജി

  

Last Updated : Dec 30, 2017, 09:21 AM IST
മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ കൂട്ടരാജി

ഷില്ലോങ്: മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎല്‍എമാരാണ് രാജിവെച്ചത്. എന്‍പിപിയില്‍ ചേരുമെന്ന് രാജിവച്ചവര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ സാങ്കേതികമായി ന്യൂനപക്ഷമായി. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ആറിനാണു നിയമസഭാ കാലാവധി തീരുന്നത്.

മന്ത്രിമാരായ സ്‌നിയവലാങ് ധര്‍, കമിങോന്‍ വൈബോണ്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ റൊവെല്‍ ലിങ്‌ദോ, പ്രെസ്റ്റോന്‍ ടിന്‍സോങ്, ഗെയിറ്റ്‌ലാങ് ധര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. പ്രാദേശിക പാര്‍ട്ടി യുഡിപിയിലെ റെമിങ്ടന്‍ പൈന്‍ഗ്രോപ്, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍മാരായ സ്റ്റെഫാന്‍സന്‍ മുഖിം, ഹോപ്ഫുള്‍ ബാമന്‍ എന്നിവരാണ് രാജി സമര്‍പ്പിച്ച എംഎല്‍എമാര്‍.  മുകുള്‍ സാങ്മയുടെ നേതൃത്വത്തോട് അസംതൃപ്തിയുള്ളവര്‍ ഇനിയും സര്‍ക്കാരിലുണ്ടെന്ന് രാജിവച്ച നേതാവ് പ്രെസ്റ്റോന്‍ ടിന്‍സോങ് പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി, എന്‍പിപി എന്നീ പാര്‍ട്ടികളാണ് മേഘാലയയില്‍ മുഖ്യമായുള്ളത്. ബിജെപിയോടും കോണ്‍ഗ്രസിനോടും താല്‍പര്യമില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രമാണ് എന്‍പിപി. 15 വര്‍ഷമായി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പക്ഷേ നേട്ടമൊന്നുമില്ല. കന്നുകാലി കശാപ്പ് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ ബിജെപിയുടെ സാധ്യതകള്‍ക്കു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ, 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്‍റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും. 17 സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ ഭരണപക്ഷ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നു നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ വ്യക്തമാക്കി.  അതേസമയം, മേഘാലയ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ബിജെപി. അടുത്തിടെ, ഷില്ലോങ്-നോങ്‌സ്റ്റോയ്ന്‍-രോങ്‌ജെങ്-ടോറ റോഡിന്‍റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്ന് മോദി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

Trending News