അല്‍പേഷ് താക്കൂറും സഹായിയും ബിജെപിയില്‍ ചേര്‍ന്നു

അല്‍പേഷ് താക്കൂര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു.  

Last Updated : Jul 18, 2019, 06:32 PM IST
അല്‍പേഷ് താക്കൂറും സഹായിയും ബിജെപിയില്‍ ചേര്‍ന്നു

ഗാന്ധിനഗര്‍: അല്‍പേഷ് താക്കൂര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു.  

കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഗുജറാത്ത് ഒബിസി നേതാവ് അല്‍പേഷ് താക്കൂറും സഹായി ധവാല്‍സിന്‍ഹ് സാലയും ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ജിതു വഗാനിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും ബിജെപി പ്രവേശം.

കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് അല്‍പേഷും സഹായി സാലയും പാര്‍ട്ടി നേതൃത്വവുമായി ഇടയുന്നത്. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ വഞ്ചിക്കുകയായിരുന്നുവെന്നും ആരോപിച്ചാണ് ഇരുവരും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 
അതേസമയം, ബിജെപി നേതൃത്വവുമായി താക്കൂർ ബന്ധപ്പെട്ടിരുന്നുവെന്നും അവിടെ നിന്നു ലഭിച്ച ഉറപ്പിനു ശേഷമാണ് കോൺഗ്രസ് വിട്ടതെന്നും ആരോപണ൦ ഉയര്‍ന്നിരുന്നു.

കൂടാതെ, ലോക്സഭ തിരഞ്ഞെടുപ്പ് തൊട്ടു മുന്‍പ് കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇരുവരും പ്രഖ്യപിക്കുകയും ചെയ്തു. ഒപ്പം തന്നെ ഇരുവരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അല്‍പേഷ് ഈ വാര്‍ത്തകളെ നിഷേധിക്കുകയായിരുന്നു. 

എന്നാല്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഇരുവരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തു. പിന്നാലെ ഇരുവരും കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. 

ഗുജറാത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവായ അല്‍പേഷ് താക്കൂര്‍ 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ എംഎല്‍എയുമായി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ല്‍ പരം വോട്ടകള്‍ക്കാണ് അല്‍പേഷ് പരാജയപ്പെടുത്തിയത്.

സാമൂഹ്യപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച താക്കൂർ, ഗുജറാത്ത് ക്ഷത്രിയ താക്കൂർ സേന രൂപീകരിച്ചു. ഒ.ബി.സി, എസ്.സി, എസ്.ടി ഏക്താ മഞ്ച് രൂപീകരിച്ച താക്കൂർ സംവരണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധാകേന്ദ്രമായത്. 2015-ൽ മെഹ്‌സാന ജില്ലയിൽ ഒ.ബി.സി സമ്മേളനം സംഘടിപ്പിച്ചതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

 

 

Trending News