പിണങ്ങിയ ഗിരിരാജ് സി൦ഗിനെ ഇണക്കി അമിത് ഷാ!!

ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി സീറ്റ് വിതരണം നടത്തിയ വേളയില്‍ ഏറ്റവുമധികം നിരാശനായത് പാര്‍ട്ടിയുടെ ശക്തനായ നേതാക്കളിലൊരാളായ ഗിരിരാജ് സി൦ഗ് ആണ്. 

Last Updated : Mar 27, 2019, 06:29 PM IST
പിണങ്ങിയ ഗിരിരാജ് സി൦ഗിനെ ഇണക്കി അമിത് ഷാ!!

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി സീറ്റ് വിതരണം നടത്തിയ വേളയില്‍ ഏറ്റവുമധികം നിരാശനായത് പാര്‍ട്ടിയുടെ ശക്തനായ നേതാക്കളിലൊരാളായ ഗിരിരാജ് സി൦ഗ് ആണ്. 

അദ്ദേഹത്തിന്‍റെ പിണക്കത്തിന് തക്കതായ കാരണവുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചവരില്‍ ഒരാളായിരുന്നു ഗിരിരാജ് സി൦ഗ്.  2014ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്‍റെ ജന്മസ്ഥലമായ നവാഡ മണ്ഡലത്തില്‍ നിന്നും 1,40,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.  

എന്നാല്‍ ഇത്തവണ കഥ മാറി. ഗിരിരാജ് സി൦ഗിന് തന്‍റെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല. പരാതി ഇതുമാത്രമല്ല, സീറ്റ് വിതരണ വേളയില്‍ അദ്ദേഹത്തോട് ആരും ഇതേപ്പറ്റി അഭിപ്രായം ചോദിച്ചതുമില്ല. ഒടുക്കം അദ്ദേഹത്തിന് അനുവദിച്ചത് ബേഗുസരായ് മണ്ഡലമാണ്. ഈ വിഷയത്തിലുള്ള അപ്രീതി അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഒപ്പം തന്‍റെ മുന്‍ മണ്ഡലമായ നവാഡയില്‍ തന്നെ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ബേഗുസരായയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയും ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

ഈയവസരത്തിലാണ് ഈ വിഷയത്തില്‍ അമിത് ഷാ ഇടപെടുന്നത്. ബേഗുസരായയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തന്നെ മത്സരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഗിരിരാജ് സിംഗ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു ഗിരിരാജ് സിംഗ്  കഴിഞ്ഞദിവസം വരെ പ്രതികരിച്ചിരുന്നത്. തന്‍റെ മണ്ഡലം മാറ്റാനുള്ള നീക്കത്തിന് എതിരെ രൂക്ഷമായാണ് ഗിരിരാജ് സിംഗ് പ്രതികരിച്ചത്. ചര്‍ച്ച നടത്താനെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അടക്കമുള്ള നേതാക്കളോട് നവാഡ തന്നെ തനിക്ക് വേണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗിരിരാജ് സിംഗ് ബേഗുസരായയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച്‌ അമിത് ഷായുടെ വാക്കുകള്‍ പുറത്തുവരുന്നത്.

അതേസമയം, ബേഗുസരായയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ കനയ്യ കുമാറാണ് ഗിരിരാജ് സിംഗിന്‍റെ മുഖ്യ എതിരാളി. 

കഴിഞ്ഞ തവണ വിജയിച്ച സീറ്റ് നിലനിര്‍ത്താന്‍ കനയ്യയുടെ അതേ സമുദായക്കാരനായ ഗിരിരാജ് സിംഗിനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. ഭൂമിഹാര്‍ വിഭാഗക്കാരാണ് രണ്ടുപേരും. 

അതേസമയം, ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് ആര്‍ജെഡി തീരുമാനിച്ചിരിക്കുന്നത്.

 

Trending News