ന്യൂഡൽഹി: ഒ.ബി.സി സമുദായക്കാരിലെ മേല്‍ത്തട്ടുകാരെ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയാക്കി. നേരത്തെ ഇത് ആറ് ലക്ഷം രൂപയായിരുന്നു. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
പ്രതിവർഷം എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽപെട്ടവർ ഇനി ക്രീമിലെയർ വിഭാഗത്തിൽ പെടില്ലയെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിൽകൂടി മേൽത്തട്ടു പരിധി നടപ്പാക്കാനുള്ള നിർദേശം സർക്കാർ പരിഗണിച്ചുവരുന്നതായി ധനമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒ.ബി.സി വിഭാഗ സംവരണത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങൾക്കും ലഭിക്കാൻ പാകത്തിൽ ഒ.ബി.സിയിൽ ഉപവിഭാഗങ്ങളെ വേർതിരിക്കുന്നതിന് പ്രത്യേക കമ്മീഷൻ രൂപവത്കരിക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, കർണാടക, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ജമ്മു-കശ്മീരിൽ എന്നിങ്ങനെ 11 സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ ഉദ്യോഗങ്ങളിൽ ഇത്തരത്തിൽ സംവരണം നടപ്പാക്കിയിട്ടുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്ര ഒ.ബി.സി ലിസ്റ്റിൽ ഇത്തരത്തിൽ ഉപവിഭാഗങ്ങളില്ല. ഇതുവഴി സംവരണത്തിന്റെ ആനുകൂല്യം അർഹർക്ക് കിട്ടാതെ പോകുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ കമീഷൻ സമർപ്പിക്കുമെന്ന് ധനമന്ത്രി വിശദീകരിച്ചു.
12 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷന് നൽകുന്ന നിർദേശം. സംവരണത്തിന്റെ കാര്യത്തിൽ മറ്റു പുനഃപരിശോധനകളില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 2011ൽ നൽകിയ ശിപാർശ മുൻനിർത്തിയാണ് തീരുമാനം. അതുപോലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയും ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു.