ന്യൂഡല്‍ഹി: ഹാഥറസ് പീഡന സംഭവത്തില്‍ (Hathras rape case) നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം.
കോണ്‍ഗ്രസ് (Congress) നേതാക്കള്‍ക്കെതിരേയുള്ള പോലീസ് അതിക്രമങ്ങളിലും സത്യഗ്രഹം നടത്തുമെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും പ്രതിമകള്‍ക്കു മുന്‍പില്‍ നടത്തുന്ന സത്യഗ്രഹത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.
ഹാഥറസ് കേസില്‍ ജുഡീഷല്‍ അന്വേഷണം വേണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം, ഹാഥറസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ ഉത്തര്‍ പ്രദേശ് പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് നേതാക്കള്‍ സത്യാഗ്രഹം നടത്തും.
KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, UDF കണ്‍വീനര്‍ എം.എം. ഹസന് എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന മുല്ലപ്പളളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ദളിത് (Dalit) പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗത്തിനിരയായത്. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ് മുറിച്ച് മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.
അത്യാസന്ന നിലയില്‍ രണ്ടാഴ്ച അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി സഫ്ദര്ജ൦ഗ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.
സെപ്റ്റംബര്‍ 14ന് വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണശേഷം ഉത്തര്‍ പ്രദേശ് സര്‍ക്കാരും പോലീസും കൈക്കൊണ്ട നടപടികള്‍ ദേശീയ പ്രതിഷേധം ലക്ഷണിച്ചു വരുത്തിയിരുന്നു.