New Delhi: ഹാത്രാസില്‍ പീഡന കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി (Uma Bharti) ...
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന പോലീസുകാരെ പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഉമ ഭാരതി അഭ്യര്‍ഥിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടു. കൂടാതെ, പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ തിടുക്കം കാട്ടിയതിനെയും അവര്‍ വിമര്‍ശിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ച ഉത്തര്‍ പ്രദേശ് പോലീസിന്‍റെ നടപടിയേയും അവര്‍ വിമര്‍ശിച്ചു. പോലീസ് നടപടി BJPയുടേയും യോഗി ആദിത്യനാഥിന്‍റെയും പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഉമാഭാരതി പറഞ്ഞു. ഹാത്രാസ് സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പരാമര്‍ശം.
ശക്തനായ മുഖ്യമന്ത്രിയെന്ന നിലയില്‍ നല്ല പ്രതിഛായയുള്ള നേതാവാണ് യോഗി ആദിത്യനാഥ്. പക്ഷേ പോലീസ് നടപടികള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ച് ഋഷികേശ് എയിംസില്‍ ചികില്‍സയിലുള്ള ഉമാ ഭാരതി രോഗമുക്തയായാല്‍ ഉടന്‍ ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും പറഞ്ഞു. ഹാത്രാസിലെ സംഭവവികാസങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു.
കൂടാതെ, വെള്ളിയാഴ്ച ഹത്രാസ് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും പാര്‍ട്ടി നേതാക്കളെയും തള്ളിമാറ്റുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
അതേസമയം, സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ വൈകിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കൂടാതെ, സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൂട്ടബലാത്സംഗ കേസില്‍ അന്വേഷണത്തിന് രൂപവത്കരിച്ച പ്രത്യേകഅന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി സംഘം കണ്ടെത്തിയിരുന്നു.സംഭവത്തില്‍ പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.