ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്തുതന്നെയായാലും തനിക്ക് പ്രശ്നമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കേസിലെ പ്രതിയുമായ ഉമാ ഭാരതി.
"കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കോടതി വിളിച്ചിരുന്നു. സത്യം എന്താണെന്ന് പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കില്‍ അത് അനുഗ്രഹമായി കരുതും, ഞാൻ ജനിച്ച സ്ഥലം സന്തോഷിക്കും", ഉമാ ഭാരതി (Uma Bharti) പറഞ്ഞു.
NCP അദ്ധ്യക്ഷന്‍ ശരദ് പവാറിനേയും ഉമ ഭാരതി വിമര്‍ശിച്ചു. കോവിഡ് പ്രതിരോധവും രാമ ക്ഷേത്ര നിര്‍മ്മാണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി അയോധ്യയില്‍ രാമ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ശരദ് പവാര്‍ രാമ സ്തുതി പാടിയെങ്കില്‍ നന്നായിരുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു.
ആഗസ്റ്റ് 5ന് പകരമായി തന്‍റെ മുന്‍പില്‍ അയ്യായിരം ജന്മങ്ങള്‍ തന്നാലും താന്‍ ആഗസ്റ്റ് 5 എന്നാ മഹത്തായ ദിവസം മാത്രമേ തിരഞ്ഞെടുക്കൂ എന്നും അവര്‍ പറഞ്ഞു. താന്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നത് പ്രധാനമല്ല, മോദിജി അവിടെ ഉണ്ടായിരിക്കുകയും തറക്കല്ലിടുകയും ചെയ്യും എന്നതാണ് പ്രധാനം, അവര്‍ പറഞ്ഞു.
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ നിരവധി മുതിര്‍ന്ന ബിജെപി നേതാക്കളുടെ മൊഴിയെടുക്കല്‍ പ്രത്യേക സിബിഐ കോടതി തുടരുകയാണ്.
ഉമാ ഭാരതിയെക്കൂടാതെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍. കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അദ്വാനിയുടേയും വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
Also read: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അഡ്വാനി മൊഴി നല്‍കി...
കേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ അദ്വാനിയുടെ മൊഴി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ലഖ്‌നൗവിലെ കോടതിയില്‍ സിആര്‍പിസി സെക്ഷന്‍ 313 പ്രകാരമാണ് രേഖപ്പെടുത്തിയത്. 100 ചോദ്യങ്ങളാണ് കോടതി അദ്ദേഹത്തോടെ ചോദിച്ചത്. മൊഴി നല്‍കല്‍ ഏകദേശം അരമണിക്കൂര്‍ നീണ്ടിരുന്നു. അദ്ദേഹത്തിനെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം 2017ല്‍ സുപ്രിം കോടതിയാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ആഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രഓ ഉയരുകയാണ്. ഓഗസ്റ്റ് 5നാണ് രാമ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.