ന്യൂഡെല്‍ഹി:ഫെബ്രുവരി 29 ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അമേരിക്ക-താലിബാന്‍ സമാധാന കരാര്‍ ഒപ്പിടുന്നതിന് സാക്ഷിയായി ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കും.
ഇതിനായി ഖത്തര്‍ ഭരണകൂടം ഇന്ത്യക്ക് അയച്ച ക്ഷണം ഇന്ത്യ സ്വീകരിച്ചു.ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമാരന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അക്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍,ഇരു കൂട്ടര്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ഒപ്പ് വെയ്ക്കുന്നത്.
ഇതിലൂടെ അഫ്ഗാനിസ്ഥന്‍റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അമേരിക്ക-താലിബാന്‍ സമാധാന കരാറും ചര്‍ച്ചയായിരുന്നു.
ഇന്ത്യ അഫ്ഗാനിസ്ഥന്റെ വികസന പദ്ധതികളിലെ പങ്കാളിയാണ്.അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യ ഹെരത്തില്‍ ഇന്ത്യ ഡാം നിര്‍മിക്കുകയും കാബുളില്‍ പാര്‍ലമെന്റ് മന്ദിരം ഇന്ത്യ നിര്‍മിക്കുകയും ചെയ്തു.അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരണം എന്ന ആഗ്രഹമാണ് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.