കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി സാം പിട്രോഡ; ഇന്ത്യ മാപ്പുതരില്ലെന്ന്‍ പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഉപദേശകന്‍ സാം പിട്രോഡ.

Last Updated : Mar 22, 2019, 06:19 PM IST
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി സാം പിട്രോഡ; ഇന്ത്യ മാപ്പുതരില്ലെന്ന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഉപദേശകന്‍ സാം പിട്രോഡ.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വസ്തുതയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് സാം പിട്രോഡ പറഞ്ഞത്. മോദി ശക്തനാണെങ്കില്‍ ഹിറ്റ്‌ലറും ശക്തനായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനും യുദ്ധം നടത്താമായിരുന്നു. പക്ഷെ, അതല്ല ജനാധിപത്യ സര്‍ക്കാരിന്‍റെ ശൈലിയെന്നും പിട്രോഡ പറഞ്ഞു.

എന്നാല്‍, പിട്രോഡയുടെ പരാമര്‍ശം, മയങ്ങിക്കിടന്നിരുന്ന ബാലാക്കോട്ട് വ്യോമാക്രമണത്തെ വീണ്ടും ഉണര്‍ത്തുകയായിരുന്നു. 

വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പിട്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്‍ഗ്രസിന്‍റെ മൃദുസമീപനത്തിന്‍റെ തെളിവാണിതെന്നും ആരോപിച്ചു. കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ ദേശീയ ദിനം ആഘോഷികുകയാണെന്നും ഇന്ത്യ മാപ്പുതരില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍, ബാലാക്കോട്ട് മരണസംഖ്യയെ കുറിച്ച് സംശയം ഉന്നയിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണെന്നും സൈന്യത്തെ അപമാനിച്ചിട്ടില്ലെന്നും പിട്രോഡ മറുപടി നല്‍കി. 

വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിവാദമാക്കി പുല്‍വാമയിലെ സുരക്ഷാവീഴ്ചയെ മറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 

പിട്രോഡയുടെ പരാമര്‍ശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ലഭിച്ച അവസരം കണക്കിന് വിനിയോഗിക്കുകയാണ് ബിജെപി. ഇതോടെ ഒരിടവേളക്ക് ശേഷം പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചയാവുകയാണ്.

 

 

 

 

Trending News