ന്യൂഡല്‍ഹി:ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ,രാജ്യത്തെ വിവിധ നഗരങ്ങളില്‍ എന്‍ഐഎ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ഐഎസുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്നവരുടെ വിവരം ശേഖരിക്കുകയും ഇവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്ത ശേഷമാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുന്നത്.
കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു യുവ ഡോക്റ്ററെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
എം.എസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗം ഡോക്റ്റര്‍ ബസവനഗുഡി സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ കശ്മീരി ദമ്പതികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അക്രമത്തിനിടെ പരിക്കേല്‍ക്കുന്ന ഐഎസ് ഭീകരര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങള്‍ ലഭ്യമാക്കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള
ശ്രമത്തിലായിരുന്നു അബ്ദുള്‍ റഹ്മാനെന്ന് എന്‍ഐഎ പറയുന്നു.
ഇയാള്‍ 2014 ല്‍ സിറിയയിലെ ഐഎസിന്‍റെ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും പത്ത് ദിവസം ക്യാമ്പില്‍ സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നും
എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
ഇയാളെ കൂടാതെ പൂണെയില്‍ നിന്നും രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തതായി എന്‍ഐഎ അറിയിച്ചു,സാദിയ അന്‍വര്‍ ഷെയ്ഖ്,നബീല്‍ സിദ്ധിഖ് എന്നിവരാണ്
പൂണെയില്‍ അറസ്റ്റിലായത്.
അബ്ദുള്‍ റഹ്മാന്‍ താമസിച്ച ബെംഗളുരുവിലെ വീടടക്കം മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി,കര്‍ണ്ണാടക പോലീസിന്‍റെ സഹായത്തോടെയായിരുന്നു റെയ്ഡ്
മൊബൈല്‍ ഫോണ്‍,ലാപ് ടോപ്,ഡിജിറ്റല്‍ രേഖകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം ഇയാള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി അറിവില്ലായിരുന്നുവെന്ന് എം എസ് രാമയ്യ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
മുംബൈ,പുണെ,ലഖ്നൌ,അഹമദാബാദ്,എന്നിവിടങ്ങളിലും എന്‍ഐഎ പരിശോധനയാണ് നടത്തുന്നതായാണ് വിവരം.ഇവിടങ്ങളില്‍ പോലീസില്‍ നിന്നും
മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.