കപില്‍ സിബലും കോണ്‍ഗ്രസിനെ കൈവിട്ടു; അഭയം എസ്പിയില്‍... രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു

താന്‍ മെയ് 16 ന് തന്നെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു എന്നാണ് സിബല്‍ വ്യക്തമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 25, 2022, 01:24 PM IST
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയിരുന്നു കപില്‍ സിബല്‍
  • കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ പ്രമുഖനായിരുന്നു
  • താന്‍ മെയ് 16 ന് തന്നെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു എന്നാണ് സിബല്‍ വ്യക്തമാക്കിയിരിക്കുന്നത്
കപില്‍ സിബലും കോണ്‍ഗ്രസിനെ കൈവിട്ടു; അഭയം എസ്പിയില്‍... രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍. താന്‍ മെയ് 16 ന് തന്നെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു എന്നാണ് സിബല്‍ വ്യക്തമാക്കിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ആയിരുന്നു ഇത്. 

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ഉത്തര്‍ പ്രദേശ് വിധാന്‍ സഭയില്‍ എത്തിയാണ് സിബല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് കപില്‍ സിബലിന്റെ കൂറുമാറ്റം. കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു ഗുജറാത്തിലെ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഗുരുതര വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ടത്.

Read Also: ഹൈക്കമാൻഡിനെ വിമർശിച്ചു, കപിൽ സിബലിന്റെ വസതിക്ക് മുമ്പിൽ തക്കാളി എറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

രാജ്യത്തെ മുൻനിര അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് മന്ത്രിസഭയിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ക്യാബിനറ്റ് മന്ത്രിയായിരുന്നു കപിൽ സിബൽ ആയിരുന്നു. 1989 മുതൽ 1990 വരെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. 2004 ലെ പൊതു തിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. അന്ന് ചാന്ദിനി ചൌക്കിൽ നിന്ന് സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിൽ എത്തിയത്. 2009 ലെ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ അദ്ദേഹം ലോക്സഭയിൽ എത്തി. 

2006 ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടും ഉണ്ട് കപിൽ സിബലിനെ. അതിനും 12 വർഷങ്ങൾക്ക് മുന്പ് അന്താരാഷ്ട്ര ബാർ അസോസിയേഷൻ അദ്ദേഹത്തെ 'ലിവിങ് ലെജൻഡ് ഓഫ് ദി ലോ' എന്ന് വിശേഷിപ്പിച്ചിരുന്നു. 

കോൺഗ്രസിലെ നേതൃമാറ്റത്തിന് വേണ്ടി ഏറ്റവും ശബ്ദമുയർത്തിയിരുന്ന ആളായിരുന്നു കപിൽ സിബൽ. പാർട്ടിയിലെ നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്തത്തേയും അദ്ദേഹം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ നടപടിയേയും അദ്ദേഹം വിമർശിച്ചിരുന്നു. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News