ചെന്നൈ: ഗുരുതരാവസ്ഥയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില രാത്രി വഷളായത് ആശങ്ക പടർത്തി. ചെന്നൈ ഗോപാലപുരത്തെ വസതിയിൽ മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് മോശമായത്.
അർധരാത്രിയോടെ കാവേരി ആശുപത്രിയിൽ നിന്നും ഡോക്ടറുമാരുടെ സംഘം കരുണാനിധിയെ പരിശോധിക്കാനെത്തി. തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ മകൻ എം.കെ.സ്റ്റാലിൻ, സഹോദരനും മുൻകേന്ദ്രമന്ത്രിയുമായ എം.കെ.അഴഗിരി, രാജ്യസഭാ എംപിയും ഇവരുടെ സഹോദരിയുമായ കനിമൊഴി ഡിഎംകെയുടെ മറ്റു ഉന്നതനേതാക്കളും കരുണാനിധിയുടെ വസതിയിലെത്തിയതോടെ അദ്ദേഹത്തിനന്‍റെ ആരോഗ്യനിലയെക്കുറിച്ച് പലതരം അഭ്യൂഹങ്ങളും പരക്കാൻ ആരംഭിച്ചു.
മാധ്യമപ്രവർത്തകരുടെ വൻനിരയ്ക്ക് പുറമേ നൂറുകണക്കിന് ഡിഎംകെ പ്രവർത്തകരും ഗോപാലപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ കൂടുതൽ പൊലീസിനെ ഇവിടെ വിന്യസിക്കുകയും വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെ കാവേരി ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് ഗോപാലപുരത്തെ വീട്ടിലെത്തി കരുണാനിധിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിഎംകെ നേതാവ് എ.രാജ പിന്നീട് മാധ്യമപ്രവർത്തകരെ അറിയിച്ചു. അഭ്യൂഹങ്ങളെ വിശ്വസിക്കരുതെന്ന് പ്രവർത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു.
അർധരാത്രി രണ്ടരയോടെ പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്നും കരുണാനിധി ഐസിയുവിൽ വിദഗ്ദ്ധഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് പറയുന്നത്.