യോഗിയുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ല!!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഗുണവശങ്ങള്‍ ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമായി കശ്മീരി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!!

Last Updated : Sep 26, 2019, 02:43 PM IST
യോഗിയുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ല!!

ലഖ്നൗ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഗുണവശങ്ങള്‍ ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമായി കശ്മീരി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!!

അലിഗഡ് മുസ്ലിം യൂണിവേഴിസിറ്റിയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികളെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ  ഗുണവശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് ക്ഷണിച്ചത്. ലഖ്നൗവില്‍ സെപ്റ്റംബര്‍ 28നാണ് ചര്‍ച്ച നടക്കുക. 40ഓളം കശ്മീരി വിദ്യാര്‍ത്ഥികളെയാണ് ചര്‍ച്ചയ്ക്ക് പ്രതീക്ഷിക്കുന്നത്.

കശ്മീരി വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് സെപ്റ്റംബർ 24ന് കൈപ്പറ്റിയതായി അലിഗഡ് മുസ്ലിം യൂണിവേഴിസിറ്റി രജിസ്ട്രാർ അബ്ദുൽ ഹമീദ് പറഞ്ഞു. ഈ വിവരം കശ്മീരി വിദ്യാര്‍ത്ഥികളെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഏകദേശം 1200ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ അലിഗഡ് മുസ്ലിം യൂണിവേഴിസിറ്റിയില്‍ പഠിക്കുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ക്ഷണത്തിന് ഉദ്ദേശിച്ച പ്രതികരണമല്ല ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

കശ്മീരിൽ നിന്ന് വിമാനമാര്‍ഗ്ഗം യുപി ജയിലുകളിൽ എത്തിച്ചിരിക്കുന്ന പ്രൊഫസർമാരോടും അഭിഭാഷകരോടും വിദ്യാർത്ഥികളോടും സാധാരണക്കാരോടുമാണ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും ജമ്മു-കശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥ കേൾക്കണമെന്നുമാണ് അലിഗഡ് മുസ്ലിം യൂണിവേഴിസിറ്റിയിലേ കശ്മീരി വിദ്യാർത്ഥികൾ പ്രതികരിച്ചത്. 

ഒരു വിദ്യാര്‍ത്ഥി പോലും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് രജിസ്ട്രാർ അബ്ദുൽ ഹമീദ് പറഞ്ഞു. കൂടാതെ, വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ, മുഖ്യമന്ത്രിയുടെ ഈ ക്ഷണം ഒരു രാഷ്ട്രീയ നീക്കമായാണ് കണക്കാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കശ്മീരിലെ ജനങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിന്‍റെ മുഖച്ഛായ സൃഷ്ടിക്കാന്‍, ഞങ്ങള്‍ പണയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ജമ്മുവിന്‍റെയും കശ്മീരിന്‍റെയും പ്രത്യേക പദവി റദ്ദാക്കിയ ശേഷം സര്‍ക്കാര്‍ എന്തിനാണ് കശ്മീരികളുമായി ഇത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും എ.എം.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് മുഹമ്മദ് സല്‍മാന്‍ ഇംതിയാസ് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതതില്‍ കടുത്ത പ്രതിഷേധവുമായി കശ്മീരി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

 

Trending News