ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സഖ്യത്തില്‍ നിന്നും ബിജെപി പിന്മാറിയതിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷമാണ് ബിജെപി പിന്തുണ പിന്‍വലിച്ചിരിക്കുന്നതെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്ത് സംഭവിച്ചുവെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.
ജമ്മു കാശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുകയെന്നത് നേതൃത്വത്തെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ബിജെപി പിന്മാറുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്.