ലോക്സഭാ തിരഞ്ഞെടുപ്പ് 2019: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കും

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള കൂട്ടലും കിഴിക്കലും തന്ത്രങ്ങള്‍ മെനയലും നടത്തുന്ന സമയമാണ് ഇത്. 

Last Updated : Jan 5, 2019, 11:56 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കും

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള കൂട്ടലും കിഴിക്കലും തന്ത്രങ്ങള്‍ മെനയലും നടത്തുന്ന സമയമാണ് ഇത്. 

സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും മുന്നോട്ടു നീങ്ങുകയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. കൂടാതെ, സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുന്ന ഉത്തര പ്രദേശില്‍നിന്നാണ് ആദ്യ സഖ്യ സൂചനകള്‍ പുറത്തു വന്നത്. അവിടെ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യമായി മത്സരിക്കുമെന്ന് ഉറപ്പായി. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന നിര്‍ണ്ണായകമായ മറ്റൊരു രാഷ്ട്രീയ നീക്കം മഹാരാഷ്ട്രയില്‍ നിന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കുമെന്നാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരിക്കുന്നത്. 

സമാനമായ ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള സഖ്യം 'വലിയ വിജയം' നേടിത്തരുമെന്ന് ഉറപ്പുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ ആകെയുള്ള 48 ലോക്സഭാ സീറ്റില്‍ 40 എണ്ണത്തിലും ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. ബാക്കിയുള്ള 8 സീറ്റില്‍ ഇതുവരെ തീരുമാനമായില്ല. ഈ സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാവും, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബി.ആർ. അംബേദ്കറുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന പാര്‍ട്ടികളെ ഒന്നിച്ചു കൊണ്ടുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും പ്രഫുല്‍ പട്ടേൽ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ചർച്ച ചെയ്യാനായി എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ പാര്‍ട്ടി നേതാക്കളുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ കാണുന്നത്. 

മഹാരാഷ്ട്രയില്‍ എന്‍സിപിയ്ക്ക് 4ഉം കോണ്‍ഗ്രസിന് 2ഉം ലോക്സഭാ എംപിമാരാണ് നിലവില്‍ ഉള്ളത്. 

കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും മഹാരാഷ്ട്രയും. കാരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളില്‍ ലോക്സഭാ അംഗങ്ങളളുടെ എണ്ണം കൂടുതലാണ്. ഉത്തര്‍ പ്രദേശ് 80 അംഗങ്ങളെ ലോക്സഭയിലേയ്ക്ക് അയയ്ക്കുമ്പോള്‍ തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്. 48 അംഗങ്ങളെയാണ് ഈ സംസ്ഥാനം ലോക്സഭയിലേയ്ക്ക് അയയ്ക്കുന്നത്.

ലോകംതന്നെ ഉറ്റുനോക്കുന്ന ആവേശകരമായ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

 

Trending News