New Delhi: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടം അവസാനിയ്ക്കുന്ന ലക്ഷണമില്ല. 16 വിമത MLAമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ ഇന്നും തീരുമാനമായില്ല. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനം മാറ്റി വച്ച സുപ്രീം കോടതി അടുത്ത വാദം ആഗസ്റ്റ് 1 ന് നടക്കുമെന്നും അറിയിച്ചു.
ശിവസേന എംഎൽഎമാരുടെ അയോഗ്യതയും, ഏക്‌നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞയും ചോദ്യം ചെയ്യുന്ന നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ണ്ണായക തീരുമാനം ഒന്നും തന്നെ ഉണ്ടായില്ല. കൂടാതെ, ഹര്‍ജികളില്‍ അടുത്ത വാദം ആഗസ്റ്റ് ഒന്നാം തിയതിയിലേയ്ക്ക മാറ്റിവയ്ക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഇരുകക്ഷികളോടും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കുന്നത് ജനാധിപത്യം അപകടത്തിലാകുമെന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇത്തരമൊരു ആചാരം തുടങ്ങുന്നത് മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, രാജ്യത്തെവിടെയും ആപത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി കേസുകൾ പരിഗണിക്കുമ്പോൾ മഹാരാഷ്ട്ര ഗവർണർ പുതിയ സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ പാടില്ലായിരുന്നുവെന്നും സിബൽ പറഞ്ഞു.
അതേസമയം, വിഷയം കൂറുമാറ്റമല്ലെന്നായിരുന്നു ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടത്. മറ്റൊരു പാർട്ടിയിലും പോകാതെ സ്വന്തം നേതാവിനെ ചോദ്യം ചെയ്യുന്നെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും പാർട്ടിക്കൊപ്പം പോകുമ്പോൾ കൂറുമാറ്റ നിയമം ബാധകമാണെന്നും കൂറുമാറ്റമില്ലാതെ പാർട്ടിക്കുള്ളിൽ ശബ്ദമുയർത്തുന്നതിൽ തെറ്റില്ല എന്നും ഹരീഷ് സാൽവെ പറഞ്ഞു.
അതേസമയം, വിമത MLA മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തത് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട സര്‍ക്കാരിന് തന്നെയാണ് ദോഷം ചെയ്യുന്നത്. നിലവില്‍ ഷിൻഡെ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് 16 വിമത എംഎൽഎമാരുടെ അയോഗ്യത. ഇതുമൂലം ശരിയായ രീതിയില്‍ മന്ത്രിസഭാ വികസനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മഹാരാഷ്ട്ര സർക്കാര്‍ ഇതുവരെ മന്ത്രാലയ വകുപ്പുകള്‍ വിതരണം ചെയ്യത്തതിന്‍റെ കാരണവും ഇതാണ്.
എന്നാല്‍, നിലവില്‍, ശിവസേനയിലെ മൂന്നിൽ രണ്ടിലധികം എംഎൽഎമാരും വിമത വിഭാഗത്തിലാണ്, അതിനാല്‍ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ അംഗത്വം റദ്ദാക്കുക അസാധ്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...