രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങളിൽ ഏറ്റവും വലിയൊരു അപകടമാണ് ഇന്നലെ, ജൂൺ 2ന് ഒഡീഷയിലെ ബാലാസോറിലുണ്ടായത്. മുന്നൂറിനടുത്ത് ജീവനുകൾ ഇതിനോടകം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു.
ആയിരത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. തകർന്നു കിടക്കുന്ന ബോഗികൾക്കിടയിൽ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കഴിഞ്ഞ 15 വർഷത്തിനിടെയുണ്ടായ വലിയ ട്രെയിൻ അപകടങ്ങൾ
1. 2010, ജ്ഞാനേശ്വരി എക്‌സ്‌പ്രസ്: 2010 മെയ് 28ന് മുംബൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്റെ കോച്ചുകൾ പാളം തെറ്റി 148 യാത്രക്കാരാണ് മരിച്ചത്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖേമാഷൂലി, സർദ്ധിയ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ചാണ് ദുരന്തമുണ്ടായത്. പാളം തെറ്റിയ കോച്ചുകൾ തൊട്ടടുത്ത ട്രാക്കുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ എതിർദിശയിൽ നിന്ന് വന്ന ഒരു ഗുഡ്സ് ട്രെയിൻ കോച്ചുകൾക്കിടയിലൂടെ പാഞ്ഞുകയറി. ഇരുന്നൂറിലധികം യാത്രക്കാർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. പശ്ചിമ ബംഗാളിൽ ദുരന്തത്തിന് വഴിവെച്ച ട്രാക്കുകൾ മാവോയിസ്റ്റുകൾ തകർത്തുവെന്നായിരുന്നു ആരോപണം.
2. 2010, ഉത്തര ബംഗ എക്‌സ്‌പ്രസ് & വനാഞ്ചൽ എക്‌സ്‌പ്രസ്: 2010 ജൂലൈ 19-നാണ് ഉത്തര ബംഗ എക്‌സ്‌പ്രസും വനാഞ്ചൽ എക്‌സ്‌പ്രസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ സൈന്തിയയിൽ വച്ചുണ്ടായ അപകടത്തിൽ 63 പേർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
3. 2011, ഛപ്ര-മഥുര എക്‌സ്‌പ്രസ്: 2011 ജൂലൈ 7-ന് ഉത്തർപ്രദേശിലെ ഇറ്റാഹ് ജില്ലയ്ക്ക് സമീപം ഛപ്ര-മഥുര എക്‌സ്‌പ്രസ് ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ 69 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആളില്ലാ ലെവൽ ക്രോസിൽ പുലർച്ചെ 1.55 ഓടെയായിരുന്നു അപകടം. അതിവേഗത്തിലെത്തിയ ട്രെയിൻ ബസിനെ അരകിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി.
4. 2012, ഹുബ്ലി-ബാംഗ്ലൂർ ഹംപി എക്സ്പ്രസ്: 2012 മെയ് 23 ന്, ഹുബ്ലി-ബാംഗ്ലൂർ ഹംപി എക്സ്പ്രസ് ആന്ധ്രാപ്രദേശിന് സമീപം ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന്, നാല് കോച്ചുകൾ പാളം തെറ്റി, അവയിലൊന്നിന് തീപിടിച്ച് 25 ഓളം യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അപകടത്തിൽ 43 പേർക്ക് പരിക്കേറ്റു.
5. 2012, തമിഴ്‌നാട് എക്‌സ്‌പ്രസ്: 2012 ജൂലൈ 30-ന് ഡൽഹി-ചെന്നൈ തമിഴ്‌നാട് എക്‌സ്‌പ്രസിന്റെ കോച്ചിന് തീപിടിച്ച് 30-ലധികം പേർ മരിച്ചു. നെല്ലൂരിനടുത്ത് വച്ചാണ് അപകടമുണ്ടായത്.
6. 2014, ഗോരഖ്‌ധാം എക്‌സ്‌പ്രസ്: 2014 മെയ് 26 ന് ഗൊരഖ്‌ധാം എക്‌സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ച് അപകടമുണ്ടായി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ പ്രദേശത്ത്, ഖലീലാബാദ് സ്റ്റേഷന് സമീപം നിർത്തിയിരുന്ന ഗുഡ്‌സ് ട്രെയിനിലാണ് ഗൊരഖ്‌ധാം എക്‌സ്പ്രസ് ഇടിച്ചത്. അപകടത്തിൽ 25 പേർ മരിക്കുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
7. 2015, ജനതാ എക്‌സ്‌പ്രസ്: ഡെറാഡൂണിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്പ്രസ് 2015 മാർച്ച് 20-നാണ് അപകടത്തിൽപ്പട്ടത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ബച്‌റവൻ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന്റെ എഞ്ചിനും രണ്ട് കോച്ചുകളും പാളം തെറ്റി 30-ലധികം പേർ മരിക്കുകയും 150-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
8. 2016, പട്‌ന-ഇൻഡോർ എക്‌സ്‌പ്രസ്: 19321 ഇൻഡോർ-പട്‌ന എക്‌സ്‌പ്രസ് 2016 നവംബർ 20-ന് കാൺപൂരിലെ പുഖ്രായന് സമീപം പാളം തെറ്റി. 150 പേർ മരിക്കുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
9. 2017 കലിംഗ-ഉത്കൽ എക്സ്പ്രസ് അപകടം: 2017 ഓഗസ്റ്റ് 19 ന് കലിംഗ ഉത്കൽ എക്സ്പ്രസ് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖതൗലിക്ക് സമീപം അപകടത്തിൽപ്പെട്ടു. ട്രെയിനിന്റെ 14 കോച്ചുകൾ പാളം തെറ്റി 21 യാത്രക്കാർ മരിക്കുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
10. 2017, കൈഫിയത്ത് എക്സ്പ്രസ്: 2017 ഓഗസ്റ്റ് 23 ന്, ഉത്തർപ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡൽഹിയിലേക്കുള്ള കൈഫിയത്ത് എക്സ്പ്രസിന്റെ ഒമ്പത് കോച്ചുകൾ പാളം തെറ്റി. സംഭവത്തിൽ ഏകദേശം 70 പേർക്ക് പരിക്കേറ്റു. മരണമുണ്ടായിട്ടില്ല.
11. 2022, ബിക്കാനീർ-ഗുവാഹത്തി എക്‌സ്‌പ്രസ്: 2022 ജനുവരി 13-ന് പശ്ചിമ ബംഗാളിലെ അലിപുർദാറിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്‌പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി 9 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...