ഇംഫാല്‍:മണിപ്പൂരില്‍ ബിരെന്‍ സിംഗ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതിസന്ധികള്‍ അകലുന്നതായി സൂചന.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാല് എന്‍പിപി എംഎല്‍എ മാര്‍ തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണെന്ന് ഗവര്‍ണ്ണര്‍ നജ്മാ ഹെപ്തുള്ളയെ അറിയിച്ചു.
എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയും ആയ കൊണ്രാഡ് സാങ്മയും അസം മന്ത്രിയും വടക്ക് കിഴക്കന്‍ മേഖലയിലെ ബിജെപി നേതൃത്വം
നല്‍കുന്ന നോര്‍ത്ത് ഡെമോക്രാറ്റിക്ക് അലയന്‍സ് (NEDA) കണ്‍വീനറുമായ ഹിമന്ദ ബിശ്വ ശര്‍മ്മയും എന്‍പിപി എംഎല്‍എ മാര്‍ക്കൊപ്പം
ഗവര്‍ണറെ സന്ദര്‍ശിക്കുകയും നിലപാട് അറിയുക്കുകയുമായിരുന്നു.
നേരത്തെ എംഎല്‍എ മാര്‍ സങ്മയക്കും ശര്‍മയ്ക്കും ഒപ്പം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും
ചര്‍ച്ച നടത്തുകയും ചെയ്തു.
സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പ്രവര്‍ത്തന ശൈലിയുടേത് ആണെന്നും അത് പരിഹരിക്കുന്നതിന് ബിജെപി ദേശീയ നേതൃത്വം ഇടപെടുമെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മൂന്ന് ബിജെപി എംഎല്‍എ മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തതിന് പിന്നാലെയാണ്
എന്‍പിപി എംഎല്‍എ മാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.പിന്നാലെ സര്‍ക്കാരിനെ പിന്തുണച്ച ഏക തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും ഒരു സ്വതന്ത്ര എംഎല്‍എ
യും പിന്തുണ പിന്‍വലിക്കുകയായിരുന്നു.
അതേസമയം സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ക്ക് എന്‍പിപി എംഎല്‍എ മാര്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്.
ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണം എന്ന് ആവശ്യപെട്ടിട്ടുണ്ട്.
നിയമസഭയില്‍ ബിരെന്‍ സിംഗ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
Also Read:മണിപ്പൂരിൽ യാതൊരു പ്രതിസന്ധിയുമില്ല, എല്ലാം വെറും സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ ....!! റാം മാധവ്
എന്നാല്‍ തങ്ങള്‍ക്കൊപ്പം എത്ര എംഎല്‍എ മാര്‍ ഉണ്ട് എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് യാതൊരു വ്യക്തതയും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്തായാലും മണിപൂരില്‍ കോണ്‍ഗ്രസിന് തന്ത്രപരമായ പിഴവ് ഉണ്ടായി എന്നത് പരസ്യമായ രഹസ്യമാണ്.
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച എംഎല്‍എ മാരെപോലും കൂടെ നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല,എന്നാല്‍ കൃത്യമായ ഇടപെടല്‍ നടത്തി
ബിജെപി നേതൃത്വം പ്രശ്ന പരിഹാരത്തിന് കരുനീക്കം നടത്തുകയും ചെയ്തു.