ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ നോക്കിയത് പാക് നിര്‍ദ്ദേശ പ്രകാരമെന്ന് റാം മാധവ്; രൂക്ഷ പ്രതികരണവുമായി ഒമര്‍

നിങ്ങളുടെ പക്കല്‍ റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളുള്ളപ്പോള്‍ ആരോപണം തെളിയിക്കണമെന്നാണ് ഒമര്‍ രൂക്ഷമായ പ്രതികരിച്ചത്.   

Last Updated : Nov 22, 2018, 05:08 PM IST
ജമ്മുകശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ നോക്കിയത് പാക് നിര്‍ദ്ദേശ പ്രകാരമെന്ന് റാം മാധവ്; രൂക്ഷ പ്രതികരണവുമായി ഒമര്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്. ബിജെപി നേതാവ് റാം മാധവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും തമ്മിലാണ് ട്വീറ്ററിലൂടെ പോരടിക്കുന്നത്.

 

മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറായത് പാക് നിര്‍ദ്ദേശ പ്രകാരമാണെന്ന റാം മാധവിന്‍റെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.

ബിജെപി ജനറല്‍ സെക്രട്ടറിയായ റാം മാധവിന്‍റെ ട്വീറ്റിനെതിരെ ഒമര്‍ അബ്ദുള്ള രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ റാം മാധവിനെ ഒമര്‍ വെല്ലുവിളിച്ചു. തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ മാപ്പുപറയണമെന്നും ഒമര്‍ തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു. 

 

 

എന്നാല്‍ ഇതിന് മറുപടിയായി താന്‍ ഒമറിന്‍റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവ് മറുപടി നല്‍കിയത്. ധൃതിപിടിച്ച് പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരാമര്‍ശത്തിന് കാരണമെന്നും റാം മാധവ് മറുപടി ട്വീറ്റില്‍ പറഞ്ഞു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഒമര്‍ തയ്യാറായില്ല. ആരോപണത്തിന് തെളിവ് ഹാജരാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അതിര്‍ത്തക്കപ്പുറത്തുനിന്ന് നാഷണല്‍ കോണ്‍ഫറന്‍സിന് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അതിനാല്‍ പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും അവര്‍ക്ക് അവിടെനിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോട് റാം മാധവ് പറഞ്ഞിരുന്നു. 

നിങ്ങളുടെ പക്കല്‍ റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളുള്ളപ്പോള്‍ ആരോപണം തെളിയിക്കണമെന്നാണ് ഒമര്‍ രൂക്ഷമായ പ്രതികരിച്ചത്. 

Trending News