എം.ജെ. അക്‌ബറിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌

ലൈംഗികാതിക്രമ ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌. കോണ്‍ഗ്രസ്‌ നേതാവ് ജയ്പാല്‍ റെഡ്ഡിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. 

Last Updated : Oct 10, 2018, 04:00 PM IST
എം.ജെ. അക്‌ബറിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌. കോണ്‍ഗ്രസ്‌ നേതാവ് ജയ്പാല്‍ റെഡ്ഡിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. 

കേന്ദ്ര മന്ത്രി തൃപ്തികരമായ മറുപടി നല്‍കുകയോ മന്ത്രിസ്ഥാനം രാജിവയ്ക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ പാര്‍ട്ടി ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

#മീടൂ ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിനെതിരെ  ലൈംഗികാതിക്രമ പരാതിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയതോടെയാണ് സ്ത്രീ സുരക്ഷയെപ്പറ്റി വാനോളം പ്രസംഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായത്.
ഈ വിഷയത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരുംതന്നെ സംസാരിക്കാനും കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. 

അതേസമയം, കേന്ദ്രമന്ത്രി മേനകഗാന്ധി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ സുഷമ സ്വരാജ് നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.  

1997ല്‍ നടന്ന ഒരുസംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്‍റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. അന്ന് അവര്‍ക്ക് പ്രായം 23 വയസ്, അക്‌ബറിന് 43 വയസും. ഇക്കാര്യം താന്‍ 2017ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു. ജോലിക്കുള്ള അഭിമുഖത്തിനായി യുവതികളെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വൈകുന്നേരങ്ങളില്‍ വിളിച്ചുവരുത്തുക, മദ്യലഹരിയില്‍ കടന്നുപിടിക്കുക, മന്ത്രിയുടെ ചെയ്തികള്‍ വിചിത്രമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു എം.ജെ. അക്‌ബര്‍. ദ ടെലഗ്രാഫ്, ഏഷ്യൻ ഏജ് എന്നിവയുടെ സ്ഥാപകനാണ് അക്ബര്‍. 

ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു അവര്‍ വോഗില്‍ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്‍റെ പേര് പറയാതെയായിരുന്നു പരാമര്‍ശം. മറ്റുപല സ്ത്രീകള്‍ക്കും അക്ബറില്‍നിന്നും ഇതുപോലെ ദുരനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനെ തുടര്‍ന്ന് മറ്റ് മൂന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകരും അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി #Metoo വിലൂടെ പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗീകഅതിക്രമങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ബോളിവുഡ് നടി തനുശ്രീ ദത്ത പ്രശസ്ത നടന്‍ നാനാ പടേക്കറിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ #മീടൂ ക്യാമ്പയിനും കരുത്താര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കൊണ്ട്‌ നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവച്ചത്. 

 

 

Trending News