ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദു സമൂഹമെന്ന് പാര്‍ട്ടി തലവന്‍ മോഹന്‍ ഭാഗവത്. തെലങ്കാനയിലെ ആര്‍എസ്എസിന്‍റെ വിജയ സങ്കല്‍പ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി ഹിന്ദുത്വവാദികളാണെന്നും ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് ആര്‍എസ്എസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മനോഭാവമുള്ളവരുടേയും രാജ്യത്തിന്‍റെ സംസ്കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരുടേയും മതവും സംസ്കാരവും ഏതായാലും, അവര്‍ ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം എന്ന പ്രശസ്തമായ ചൊല്ലുണ്ട്. എന്നാല്‍, ഏകത്വത്തിന്റെ നാനാത്വമാണ് നാം കണ്ടെത്തേണ്ടത്. ഇതിനായി പല മാര്‍ഗങ്ങളുമുണ്ടെന്നും ബ്രിട്ടീഷുകാര്‍ വിഭജിച്ച് ഭരിക്കാനാണ് ശ്രമിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആർഎസ്‌എസ് എല്ലാം സ്വീകരിക്കുന്നുവെന്നും അവരെക്കുറിച്ച് നന്നായി ചിന്തിക്കുന്നുവെന്നും അവരെ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.
ഭാരതമാതാവിന്റെ മകന്‍, ഏത് ഭാഷ സംസാരിച്ചാലും ഏത് മതത്തില്‍പ്പെട്ടവരായാലും ഏത് ആരാധനാരീതി പിന്തുടര്‍ന്നാലും ഇനി വിശ്വാസമില്ലാത്തവരായാലും അവര്‍ ഹിന്ദുവാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഹിന്ദു എന്ന് പറയുമ്പോൾ, ഇന്ത്യ അവരുടെ മാതൃരാജ്യമാണെന്ന് വിശ്വസിക്കുകയും ഇന്ത്യയെയും, ഇവിടുത്തെ ജനങ്ങളെയും, ജലത്തെയും, ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്നേഹിക്കുകയും രാജ്യത്തിന്റെ പാരമ്പര്യങ്ങൾ, സംസ്കാരം എന്നിവ അവരുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരും ഉൾപ്പെടുന്നു. അതിൽ മുഴുവൻ സൃഷ്ടിയും സൗഹാർദത്തോടെ നോക്കിക്കാണപ്പെടുന്നു. അവരുടെ ക്ഷേമം പരിപാലിക്കപ്പെടുന്നു -അദ്ദേഹം പറഞ്ഞു.