രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തും സംഭവിക്കാം: ഗഡ്‌കരി

ആരുടെ സര്‍ക്കാര്‍ വന്നാലും കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതികളും നയങ്ങളും അതുപോലെ നിലനില്‍ക്കുമെന്നും ഗഡ്‌കരി പറഞ്ഞു.   

Last Updated : Nov 15, 2019, 02:19 PM IST
രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തും സംഭവിക്കാം: ഗഡ്‌കരി

മുംബൈ: മഹാരാഷ്ട്രയില്‍ ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും വിഷയമില്ലെന്ന്‍ പറഞ്ഞ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തും സംഭവിക്കാമെന്നും അഭിപ്രായപ്പെട്ടു. 

ആരുടെ സര്‍ക്കാര്‍ വന്നാലും കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതികളും നയങ്ങളും അതുപോലെ നിലനില്‍ക്കുമെന്നും ഗഡ്‌കരി പറഞ്ഞു. ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ മാറിമറിഞ്ഞാലും പദ്ധതികള്‍ അതുപോലെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെ സര്‍ക്കാരാണ് വരുന്നതെന്ന് തനിക്ക് പറയാന്‍ സാധിക്കില്ലയെങ്കിലും ബിജെപിയോ, ശിവസേനയോ, എന്‍സിപിയോ അല്ലെങ്കില്‍ കോണ്‍ഗ്രസോ ആകട്ടെ ആരു വന്നാലും സംസ്ഥാനത്തിന്‍റെ വികസനത്തെ അവര്‍ പിന്തുണയ്ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തുവെണമെങ്കിലും സംഭവിക്കാമെന്നും ചിലപ്പോള്‍ കളി തോല്‍ക്കാം അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കളി മാറിമറിയാമെന്നും ഗഡ്‌കരി വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിജെപി-ശിവസേന സഖ്യം തകര്‍ന്നടിഞ്ഞു. 

ഇതിനിടയില്‍ ശിവസേനയും-എന്‍സിപിയും-കോണ്‍ഗ്രസും ചേര്‍ന്ന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുവേണ്ടി തകര്‍ത്തുപിടിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അപ്പോഴും മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കുതന്നെയെന്ന്‍ മുറുകെ പിടിച്ചിരിക്കുകയാണ് ശിവസേന. 

ഇതുപത്തിയഞ്ച് വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിരിക്കണമെന്നാണ് ശിവസേനയുടെ ആഗ്രഹമെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തിന് പുറമേ 16 മന്ത്രിസ്ഥാനവും ശിവസേനയ്ക്ക് ലഭിക്കും. അതുപോലെ എന്‍സിപിയ്ക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും ലഭിക്കുമെന്നുമാണ് സൂചന.

ഇതിനിടയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും തമ്മില്‍ 17 ന് കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

Trending News