ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമല്‍ഹാസന്‍

സിനിമയില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം പ്രഖ്യാപിച്ച് കമല്‍ഹാസന്‍. രാഷ്ട്രീയപ്രവേശന തീരുമാനം അന്തിമമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 

Updated: Feb 14, 2018, 11:44 AM IST
ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമല്‍ഹാസന്‍

ബോസ്റ്റണ്‍: സിനിമയില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം പ്രഖ്യാപിച്ച് കമല്‍ഹാസന്‍. രാഷ്ട്രീയപ്രവേശന തീരുമാനം അന്തിമമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 

ബോസ്റ്റണിലെ ഹാവാർഡ് സർവകലാശാലയിൽ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍റെ പ്രതികരണം. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ജനസമ്പര്‍ക്കയാത്ര ഈ മാസം തുടങ്ങാനിരിക്കെയാണ് കമലിന്‍റെ പ്രസ്താവന. 

ഇനി റിലീസാകാന്‍ ഇരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സിനിമയില്‍ അഭിനയം അവസാനിപ്പിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സിനിമയില്‍ തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഉപജീവനത്തിന് അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും താന്‍ പരാജയപ്പെടില്ലെന്നും കമല്‍ഹാസന്‍ മറുപടി നല്‍കി. 

ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനല്ല രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഒരു അഭിനേതാവായി മാത്രം മരിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്കായി മികച്ച  സേവനം സമര്‍പ്പിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.