നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും... വരുണ്‍ ഗാന്ധി

അമ്മയെ തിരുത്തി മകന്‍... വിവാദ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിക്ഷ ഏറ്റുവാങ്ങിയ മനേക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയാണ് താരം.

Last Updated : Apr 22, 2019, 05:37 PM IST
നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും... വരുണ്‍ ഗാന്ധി

പിലിഭിത്ത്: അമ്മയെ തിരുത്തി മകന്‍... വിവാദ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിക്ഷ ഏറ്റുവാങ്ങിയ മനേക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയാണ് താരം.

മുസ്ലിം വോട്ടര്‍മരോടുള്ള നിലപാടില്‍ അമ്മയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് മകന്‍ എന്നത് വ്യക്തം. ആദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ അതാണ് തെളിയിക്കുന്നത്. 

“എന്‍റെ മുസ്ലിം സഹോദരന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താല്‍ അത് എനിക്ക് സന്തോഷം നല്‍കും. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ല എങ്കിലും, ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സഹായത്തിനായി എന്‍റെയടുത്ത് വരാം, അതിന് യാതൊരു പ്രശ്നവുമില്ല, വരുണ്‍ ഗാന്ധി പറഞ്ഞു. കൂടാതെ, മുസ്ലീം പഞ്ചസാരയുണ്ടെങ്കിലേ എന്‍റെ ചായയ്ക്ക് മധുരമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര മന്ത്രിയും യുപിയിലെ സുല്‍ത്താന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മേനക ഗാന്ധിയുടെ മുസ്ലീങ്ങള്‍ക്കെതിരായ പരമാര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് മുസ്ലീങ്ങളെ പിന്തുണച്ച് മകനും പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

"നിങ്ങളുടെ വോട്ട് ഇല്ലാതെതന്നെ ഞാന്‍ ജയിക്കും, എന്‍റെ ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ വോട്ട് തരിക. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് നിങ്ങള്‍ (മുസ്ലീങ്ങള്‍) എന്നെ കാണാന്‍ വന്നാല്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല", ഇതായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം. 

കൂടാതെ, തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച്‌ ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അവര്‍ പറഞ്ഞിരുന്നു. സുല്‍ത്താന്‍പൂരിലെ പ്രചാരണ റാലിക്കിടെയായിരുന്നു മേനകയുടെ ഈ മുന്നറിയിപ്പ്.

ഇത്തവണ മനേക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറിയിരിയ്ക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മനേക ഗാന്ധി പിലിഭിത്തിലും വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരിലുമായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ തിരിച്ചാണ് മത്സരം. 

 

Trending News