New Delhi: ഒരു വ്യക്തിക്ക് ഒന്നിലധികം സീറ്റുകളിൽ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പികളില്‍ മത്സരിക്കാം, 'ഒരു സ്ഥാനാർത്ഥി, ഒരു സീറ്റ്' എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
ഒന്നിലധികം സീറ്റുകളിൽ സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജിയാണ് വ്യാഴാഴ്ച സുപ്രീംകോടതി തള്ളിയത്. ഇത് നിയമനിർമ്മാണ പ്രശ്നമാണെന്നും ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്നത് നിയമനിർമ്മാണ നയത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണ് എന്നും സുപ്രീംകോടതി പറഞ്ഞു. കൂടാതെ, ഒരു രാഷ്ട്രീയ ജനാധിപത്യത്തിൽ അത്തരമൊരു ഓപ്ഷൻ തുടരണോ വേണ്ടയോ എന്നത് പാർലമെന്‍റിന്‍റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: Smarphone Offer: കുറഞ്ഞ നിരക്കില്‍ iPhone സ്വന്തമാക്കാം, കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്കാർട്ട്
അതേസമയം, ഏറെ നാളായി ഇത്തരമൊരു ആവശ്യം നിലനിന്നിരുന്നു. കാരണം, ഒരു സ്ഥാനാർത്ഥി ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച് വിജയിയ്ക്കുമ്പോള്‍ ഒരു സീറ്റ് നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കണം. ഇത് ആ മണ്ഡലത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നു. ഇത് നികുതിദായകരുടെ പണത്തിന്‍റെ ദുരുപയോഗമായി കണക്കാക്കിയാണ് ഇതിനെതിരെ ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങിയത്.
ഇതുകൂടാതെ, തിരഞ്ഞെടുപ്പ് നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. തിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായി തിരഞ്ഞെടുപ്പ് ഓഫീസർ മുതൽ പോളിംഗ് ബൂത്തുകളും സുരക്ഷാ സേനയും വരെയുള്ള മുഴുവൻ സംവിധാനങ്ങളും പുനഃസ്ഥാപിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ ഒന്നിലധികം സീറ്റുകളിൽ വിജയിക്കുകയും അതില്‍ ഒരു സീറ്റ് തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥിക്ക് ഇതിൽ ഒരു നഷ്ടവും നേരിടേണ്ടിവരുന്നില്ല. അവർക്ക് ശിക്ഷാനടപടികളൊന്നുമില്ല, പിഴയുമില്ല.
ഒരു സ്ഥാനാർത്ഥി, ഒരു സീറ്റ് എന്ന ആവശ്യം ഏറെ നാളുകളായി നിലവിലുണ്ട്. ഒരു സ്ഥാനാർത്ഥി, ഒരു സീറ്റ് എന്ന നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കാലാകാലങ്ങളിൽ ആവശ്യപ്പെടുന്നു. ഒന്നിലധികം സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒരു സീറ്റിൽ വിജയിച്ച് ഉപതെരഞ്ഞെടുപ്പിലേക്ക് ആ പ്രദേശത്തെ തള്ളിവിടുന്ന സ്ഥാനാർത്ഥിക്ക് കനത്ത പിഴ ചുമത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ അടുത്തിടെ നിയമ മന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് സെക്രട്ടറിയുമായി സംസാരിച്ചു. ഈ പരിഷ്കാരം ആദ്യമായി നിർദ്ദേശിച്ചത് 2004-ലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്‍റെ പ്രധാന നോഡൽ ഏജൻസിയാണ് നിയമനിർമ്മാണ വകുപ്പ്. സുപ്രീം കോടതി ഈ വിഷയം തള്ളിയ സ്ഥിതിയ്ക്ക് ഇതില്‍ തീരുമാനം എടുക്കേണ്ടത് ഇനി നിയമനിർമ്മാണ വകുപ്പ് ആണ് എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...