50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. 

Last Updated : Apr 14, 2019, 05:44 PM IST
50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: 50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. 

ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, വോട്ടിംഗ് യന്ത്രത്തില്‍ വിവിപാറ്റ് കാണിക്കേണ്ടത് 7 സെക്കന്‍റ് സമയത്തേക്കാണെന്നും എന്നാല്‍ പലയിടത്തും മൂന്ന് സെക്കന്‍റില്‍ താഴെ മാത്രമാണ് കാണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. ഒപ്പം, വിവിപാറ്റ് എണ്ണാന്‍ ആറ് ദിവസം എടുക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. 900 കോടി രൂപ ചെലവഴിച്ച് വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിച്ചത് എന്തിനാണെന്നും പ്രതിപക്ഷം ചോദിച്ചു.

ജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാന്‍ വേണ്ടി വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം സൃഷ്ടിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു.

വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഈ വിഷയത്തില്‍ തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്.  
 
ചന്ദ്രബാബു നായിഡു, അഭിഷേക് സിംഗ്‌വി, ചന്ദ്രബാബു നായിഡു, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ വിവിപാറ്റ് എണ്ണുന്നത് വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 5 വോട്ടിംഗ് യന്ത്രങ്ങളോടൊപ്പമുള്ള വി​വി​പാ​റ്റ് രസീതുകള്‍ എ​ണ്ണ​ണ​മെ​ന്നാണ് സു​പ്രീംകോ​ട​തി നിര്‍ദ്ദേശിച്ചത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കൂടാതെ, ക്രമരഹിതമായി വേണം വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടു വച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ "ഏറ്റവും മികച്ച അളവിലുള്ള കൃത്യത, സംതൃപ്തി" ഉറപ്പാക്കാൻ സഹായിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

അതേസമയം, സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Trending News