പാക്‌ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സംശയം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം

കാണ്ട്‌ല തുറമുഖത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഹറാമി നാലാ ഉൾക്കടൽ വഴി ഇവർ നുഴഞ്ഞു കയറിയെന്നാണ് സൂചന.   

Last Updated : Aug 29, 2019, 03:24 PM IST
പാക്‌ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സംശയം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം

ജാംനഗര്‍: ഗുജറാത്തിലെ കച്ച് മേഖലയിലൂടെ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

കാണ്ട്‌ല തുറമുഖത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഹറാമി നാലാ ഉൾക്കടൽ വഴി ഇവർ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഇവിടെ രണ്ടു പാക്കിസ്ഥാനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ബിഎസ്എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിച്ചത്. 

സിംഗിൾ എഞ്ചിൻ ബോട്ടുകളിൽ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളിൽ നിന്നോ സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്തിയില്ല. കടല്‍ മാര്‍ഗ്ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍ വര്‍ഗീയ കലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചന.  

അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല തീരപ്രദേശത്തും തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Trending News