ബാലാകോട്ടിലെ തീവ്രവാദ കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു: ബിപിന്‍ റാവത്ത്

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ്‌ ഇവിടത്തെ ഭീകരകേന്ദ്രം പുനരാരംഭിച്ചത്.

Last Updated : Sep 23, 2019, 02:43 PM IST
ബാലാകോട്ടിലെ തീവ്രവാദ കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ജെയ്ഷെ ക്യാമ്പ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. 

 

 

ജയ്‌ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയതായി ഇന്ത്യക്ക് കുറച്ചുനാള്‍ മുന്‍പ് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഇവിടെ നിന്ന് 500 തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുകയാണെന്ന്‍ പറഞ്ഞ അദ്ദേഹം അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി കടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

അടുത്തിടെയാണ് പാക്കിസ്ഥാന്‍ ഈ ഭീകര കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അതില്‍ നിന്നും മനസ്സിലാക്കാനുള്ളത് ഇവിടെ മുന്നേ ഉണ്ടായിരുന്ന കേന്ദ്രങ്ങള്‍ ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ തകര്‍ന്നിരുന്നുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് അവിടെയുള്ളവര്‍ മറ്റിടങ്ങളിലേയ്ക്ക് പോയതെന്നും ഇപ്പോള്‍ പോയവര്‍ വീണ്ടും തിരിച്ചുവന്ന്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ്‌ ഇവിടത്തെ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്ന്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതുപോലെ അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കാന്‍ ആരംഭിച്ചതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത് .

ബാലാകോട്ട് പോലൊരു പ്രത്യാക്രമണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബാലാകോട്ട് എന്തിന് ആവര്‍ത്തിക്കണം അതിനുമപ്പുറത്തുള്ള തിരിച്ചടി നല്‍കിക്കൂടേയെന്നാണ് ബിപിന്‍ റാവത്ത് പ്രതികരിച്ചത്.

ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലാക്കോട്ടില്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയത്.

Trending News